ബംഗളൂരു: ഉയർന്ന ശമ്ബളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി പുതു ജീവിതം നയിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.പണത്തിനപ്പുറത്തും ജീവിത ലക്ഷ്യങ്ങളുണ്ടെന്നും പ്രതിസന്ധികളില്‍ തളരാതിരിക്കേണ്ടതിനെക്കുറിച്ചും യുവാവ് നല്‍കിയ സന്ദേശം ആയിരക്കണക്കിന് ആളുകള്‍ക്കാണ് പ്രചോദനമായത്.ഒരു കാലത്ത് കോർപ്പറേറ്റ് ലോകത്ത് പ്രവർത്തിച്ചിരുന്ന തന്റെ ജീവിത മന്ത്രം ‘എന്തും വരട്ടെ’ (Come what may) എന്നാണ്. തന്റെ മുന്നില്‍ വരുന്ന എല്ലാ വെല്ലുവിളികളെയും തന്റേതായ രീതിയില്‍ നേരിടുമെന്നും യുവാവ് പറയുന്നു. പണം അത്യാവശ്യമാണെങ്കിലും അത് മാത്രമാണ് ജീവിതത്തില്‍ പ്രാധാനപ്പെട്ട കാര്യമെന്ന വിശ്വാസം തനിക്കില്ലെന്നും യുവാവ് ചൂണ്ടികാണിച്ചു.
ഒരു ഘട്ടത്തില്‍ ജീവിതം പൂർണമായും വഴിമുട്ടിപ്പോയെന്നും പഴയതുപോലെ ഒന്നും തിരികെ ലഭിക്കില്ലെന്ന് കരുതി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഇനി എന്ത് സംഭവിക്കുമെന്നോർത്ത് ആശങ്കപ്പെട്ടിരുന്നതായും യുവാവ് മനസ് തുറന്നു. എന്നാല്‍, അത്തരമൊരു വീഴ്ചയില്‍ നിന്ന് എങ്ങനെ തിരിച്ചു വരും എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.’വീണ്ടും കാര്യങ്ങള്‍ ഒന്നേന്ന് തുടങ്ങുന്നതു കൊണ്ട് എനിക്ക് ഭയമില്ല. ഒരു ഘട്ടത്തില്‍ എല്ലാം ഞാൻ ഉപേക്ഷിച്ചതാണ്. ഒരിക്കലും കരകയറാൻ കഴിയില്ലെന്ന് കരുതി. പക്ഷേ ഇപ്പൊഴിതാ ഓട്ടോ ഓടിക്കുന്നു. ജീവിതം ഇവിടെ അവസാനിക്കാനൊന്നും പോകുന്നില്ല. എന്റെ വഴിയില്‍ വരുന്ന എന്തിനെയും ഞാൻ നേരിടാൻ പോവുകയാണ്. എനിക്കതിനെ ഭയമില്ല’, വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ആളുകളോട് അദ്ദേഹം പറഞ്ഞു.ജീവിതം ബാലൻസായി നിലനിർത്തേണ്ടതിനെക്കുറിച്ചും യുവാവ് ഉപദേശം നല്‍കുന്നുണ്ട്. ‘നിങ്ങള്‍ ഈ രീതിയില്‍ ജീവിക്കുകയാണെങ്കില്‍, കാര്യങ്ങള്‍ താനെ ശരിയായ ദിശയിലേക്ക് നീങ്ങും. പണം അത്യാവശ്യമാണ്, പക്ഷേ അത് മാത്രമാണ് വേണ്ടതെന്ന് കരുതരുത്. ജീവിതത്തില്‍ മറ്റ് പല കാര്യങ്ങള്‍ക്കും അതിനേക്കാള്‍ പ്രാധാന്യമുണ്ട്.’ പഴയ ജോലിയുടെ പ്രതാപമില്ലാതെയും ആളുകള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത് തനിക്ക് ഒരുതരം സ്വാതന്ത്ര്യം നല്‍കിയെന്നും യുവാവ് കൂട്ടിച്ചേർത്തു.