തൃശൂർ :വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.മരണസമയത്ത് വീട്ടില്‍ ഭർത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അർച്ചന(20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തിരുന്നു.അങ്കണവാടിയില്‍ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോണ്‍ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.ഏഴു മാസം മുൻപായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം.
അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു.അർച്ചന ഭർതൃവീട്ടില്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. മനയ്ക്കലക്കടവ് വെളിയത്തുപറന്പില് ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അർച്ചന.വിവാഹത്തില്‍ എതിർപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.