ഇടുക്കി : വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയർന്ന് 140 അടിയില്‍ എത്തി.ഇതോടെ തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർത്തിയത്.അതേസമയം,സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്.
മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നവംബർ 29 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം നാളെ മുതല്‍ മഴ ശമിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. നവംബർ 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.