Home പ്രധാന വാർത്തകൾ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിക്ക് വിദേശത്ത് ഡോക്‌ടറായ യുവാവില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന; നടന്നത് വൻ തട്ടിപ്പ്; 6.43 ലക്ഷം രൂപ നഷ്ടമായി

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിക്ക് വിദേശത്ത് ഡോക്‌ടറായ യുവാവില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന; നടന്നത് വൻ തട്ടിപ്പ്; 6.43 ലക്ഷം രൂപ നഷ്ടമായി

by admin

ബെംഗളൂരു: മാട്രിമോണിയല്‍ ആപ്പില്‍ വിദേശത്ത് ഡോക്‌ടറായ യുവാവില്‍ നിന്ന് വന്ന വിവാഹാഭ്യർത്ഥന വിശ്വസിച്ച യുവതിക്ക് 6.43 ലക്ഷം രൂപ നഷ്ടമായി.ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന 34കാരിയായ പ്രിയ ബിശ്വാസാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണി ആപ്പില്‍ വിക്രം സിസോദ് എന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഒക്ടോബർ 24 നാണ് ഇയാള്‍ ആദ്യമായി പ്രൊഫൈല്‍ വഴി റിക്വസ്റ്റ് അയച്ചത്. നെതർലൻ്റില്‍ ജോലി ചെയ്യുന്ന ഓർത്തോപീഡിക് ഡോക്‌ടറെന്ന് പരിചയപ്പെടുത്തിയ ഈ പ്രൊഫൈല്‍, യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പണം തട്ടുകയായിരുന്നു.മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ടെലിഗ്രാമിലേക്കും ഫോണ്‍ കോളുകളിലേക്കും ഇവരുടെ സൗഹൃദം വളർന്നിരുന്നു.

ബെംഗളൂരുവില്‍ ഒരു ക്ലിനിക് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും വൈറ്റ്‌ഫീല്‍ഡിലെ ആശുപത്രിയില്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനായി ഉടൻ ഇന്ത്യയിലെത്തുമെന്നും ഇയാള്‍ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു.നവംബർ 6 ന് അത്യാവശ്യമായി 25,000 രൂപ ആവശ്യമാണെന്നും ഇന്ത്യയില്‍ എത്തിയാല്‍ തിരികെ നല്‍കാമെന്നും പറഞ്ഞാണ് പ്രതി ആദ്യം യുവതിയോട് പണം ആവശ്യപ്പെട്ടത്. നവംബർ 15 ന്, ദില്ലി വിമാനത്താവളത്തിലെത്തിയെന്ന് പറഞ്ഞ് വീണ്ടും ഇയാള്‍ പ്രിയക്ക് മെസേജ് അയച്ചു. വലിയ തുകയുടെ ഡിമാൻ്റ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഉടൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇതിന് പണം ആവശ്യമാണെന്നും ഇയാള്‍ പ്രിയയോട് പറഞ്ഞു.വിമാനത്താവള ജീവനക്കാരിയാണെന്ന് അവകാശപ്പെട്ട് അനിത രാജൻ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയില്‍ നിന്നാണ് പിന്നീട് പ്രിയക്ക് കോള്‍ വന്നത്. ഡിമാൻഡ് ഡ്രാഫ്റ്റ് ഡിക്ലറേഷൻ ഫീസ്, രജിസ്ട്രേഷൻ ഫീസ്, ഇൻഷുറൻസ് ഫീസ് എന്നിവയ്ക്കായി പണം വേണമെന്നായിരുന്നു ആവശ്യം. ഇതെല്ലാം സത്യമാണെന്ന് വിശ്വസിച്ച പ്രിയ, ഐഎംപിഎസ്, ഫോണ്‍ പേ ഐഡികള്‍ കൂടി കണ്ടതോടെ തട്ടിപ്പില്‍ വീണു. പിന്നാലെ 6.43 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഡോക്ടറുടെ ഭാഗത്ത് നിന്ന് യാതൊരു വിവരവും വന്നില്ല. ഇതോടെയാണ് താൻ പറ്റിക്കപ്പെട്ടെന്ന് പ്രിയ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group