ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഡബിള്‍ ഡെക്കര്‍ പാത സംബന്ധിച്ച് ആശങ്ക ഉയരുന്നു.ഗതാഗത കുരുക്കിന് ഗണ്യമായ പരിഹാരമാകുമെന്ന നിലയിലാണ് ഈ പാത അവതരിപ്പിച്ചത്. എന്നാല്‍ ഇത് പ്രതീക്ഷിക്കുന്ന പ്രയോജനം നല്‍കില്ലെന്നാണ് ഒടുവിലത്തെ വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.എന്താണ് നമ്മ മെട്രോയുടെ ഡബിള്‍ ഡെക്കര്‍ പാത ?ഫ്ളൈ ഓവര്‍-കം-മെട്രോയാണ് ഡബിള്‍ ഡെക്കര്‍ പാത. 37 കിലോമീറ്ററാണ് ദൈര്‍ഘ്യം. റോഡിന് മുകളില്‍ ഫ്ളൈ ഓവറും അതിന് മുകളില്‍ മെട്രോ പാതയുമാണ്. 9,700 കോടിയാണ് ആകെ ചെലവ്. ഈ ലൈനില്‍ രണ്ട് സ്ട്രെച്ചുകളാണ്. ജെപി നഗര്‍ ഫോര്‍ത്ത് ഫേസ് മുതല്‍ കെംപാപുര വരെയുള്ള 28.5 കിലോ മീറ്ററാണ് ഒരു സ്ട്രെച്ച്.
ഹോസഹള്ളി മുതല്‍ കഡബാഗെരെ വരെയുള്ള 8.6 കിലോമീറ്ററാണ് രണ്ടാം സ്ട്രെച്ച്. കര്‍ണാടക സര്‍ക്കാര്‍, ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (BMRCL), ഗ്രേറ്റര്‍ ബെഗംളൂരു അതോറിറ്റി (GBA) എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. 2031ല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് BMRCL (ബിഎംആര്‍സിഎല്‍) ലക്ഷ്യമിടുന്നത്.എന്താണ് ആശങ്ക ?ഡബിള്‍ ഡെക്കര്‍ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (Detailed DPR) വ്യക്തമാക്കുന്നത് ഇത് പ്രതീക്ഷിച്ച രീതിയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കില്ല എന്നാണ്. ഉയരപ്പാത വന്നാലും താഴെ കാര്യമായി ഗതാഗതക്കുരുക്ക് കുറയില്ലെന്നാണ് പദ്ധതിക്കായി നടത്തിയ പഠനത്തിലെ വിലയിരുത്തല്‍.രാവിലെ 6 മുതല്‍ രാവിലെ 9 വരെയും വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയും ഈ മേഖലയില്‍ സാമാന്യം നല്ല തിരക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. ഇതില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഡബിള്‍ ഡെക്കര്‍ പാതയ്ക്ക് സാധിച്ചേക്കില്ലെന്നാണ് പുതിയ നിഗമനം.