മൈസൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകര്‍ ശുചിമുറി വൃത്തിയാക്കിച്ചതായി പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തില്‍ ആണ് സംഭവം. ഭൂമിക്കടിയിലെ ടാങ്കില്‍ നിന്നും കുട്ടികളെ കൊണ്ട് തൊട്ടിയില്‍ വെള്ളം കോരിച്ചാണ് ശുചിമുറികള്‍ വൃത്തിയാക്കിച്ചത്.നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രദേശവാസിയായ സിദ്ധരാജു എന്നയാളാണ് സംഭവം മൊബൈലില്‍ പകര്‍ത്തിയത്. തന്റെ മകളെ അംഗണവാടിയില്‍ നിന്ന് കൊണ്ടുപോകാന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് കുട്ടികള്‍ വെള്ളം കോരുന്ന ദൃശ്യം കണ്ടത്. തുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയ അദ്ദേഹം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് (ബിഇഒ) പരാതിയും സമര്‍പ്പിച്ചു.സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ച ടാങ്കില്‍ നിന്നും കുട്ടികള്‍ വെള്ളം കോരുന്നത് കണ്ടാണ് വിഷയം അന്വേഷിച്ചത്. കുട്ടികളുടെ കണ്ടപ്പോള്‍ ആരെങ്കിലും ടാങ്കില്‍ വീണെന്നാണ് ആദ്യം കരുതിയത്. അടുത്തിടെ കോലാറില്‍ ഒരു വിദ്യാര്‍ത്ഥി ഭുമിക്കടിയിലെ ടാങ്കില്‍ വീണു മരിച്ച സംഭവവും ഉണ്ടായിരുന്നു. ഇതോടെയാണ് വിവരങ്ങള്‍ തിരക്കിയത്. എന്നാല്‍ അധ്യാപകര്‍ വെള്ളം കൊണ്ടുവരാനും ടോയ്ലറ്റുകള്‍ വൃത്തിയാക്കാനും പറഞ്ഞെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു” സിദ്ധരാജു പറയുന്നു.സംഭവത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ടോയ്ലറ്റുകള്‍ വൃത്തിയാക്കാന്‍ സ്‌കൂളുകള്‍ ശരിയായ ജീവനക്കാരെ നിയമിക്കണമെന്നും, കുട്ടികളെ ഇത്തരം ജോലികള്‍ക്ക് നിയോഗിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണം എന്നും സിദ്ധരാജു ആവശ്യപ്പെട്ടു. വിഷത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഡിപിഐ എസ്ടി ജവരെഗൗഡ ബിഇഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്നും ഡിഡിപിഐ അറിയിച്ചു.