പിടിച്ചു കെട്ടാനാകാത്ത രീതിയില്‍ രാജ്യത്തെ സൈബർ തട്ടിപ്പുകള്‍ വ്യാപിക്കുന്നു. ബെംഗളൂരുവില്‍ നിക്ഷേപ തട്ടിപ്പിലൂടെ 74 കാരന് നഷ്ടമായത് 1.33 കോടി രൂപ.ഒരു വെല്‍ത്ത് മാനേജ്മെന്റ് കമ്ബനിയുടെ പ്രതിനിധിയായി എത്തിയാണ് തട്ടിപ്പുകാരൻ വയോധികന്റെ ജീവിത സമ്ബാദ്യമായ കോടികള്‍ അടിച്ചുമാറ്റിയത്. ബെംഗളൂരു സ്വദേശിയായ ശിവകുമാർ ഓണ്‍ലൈനില്‍ കണ്ട ‘ആനന്ദ് രതി വെല്‍ത്ത് ലിമിറ്റഡ്’ എന്ന വെബ്സൈറ്റിലെ നമ്ബരില്‍ ബന്ധപ്പെട്ടതാണ് തട്ടിപ്പിന്റെ തുടക്കം.സൈറ്റിലുണ്ടായിരുന്ന നമ്ബറില്‍ വിളിച്ച ശിവകുമാറിനെ ‘അങ്കിത് മഹേഷ്’ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി തങ്ങളുടെ കമ്ബനിയുടെ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. വിവിധ ഐപിഒകളില്‍ നിക്ഷേപിച്ച് കോടികള്‍ സമ്ബാദിക്കാമെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇയാള്‍ തന്നെ ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.തട്ടിപ്പുകാരൻ അയച്ചു കൊടുത്ത ആപ്പിലേക്ക് ശിവ കുമാർ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.15 കോടി രൂപ അയച്ചു കൊടുക്കുകയായിരുന്നു.
ഇത് കൂടാതെ, ബന്ധുവായ വിനയ് കുമാറിന്റെ കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 18 ലക്ഷം രൂപയും ട്രാൻസ്ഫർ ചെയ്തു. ഇങ്ങനെ മൊത്തത്തില്‍ 1,33,50,000 രൂപയാണ് തട്ടിപ്പുകാരൻ കുറഞ്ഞ സമയം കൊണ്ട് പോക്കറ്റിലാക്കിയത്.പണം കിട്ടിയതോടെ മഹേഷിന്റെ ഒരു വിവരവും ഇല്ലാതായതോടെയാണ് തൻ തട്ടിപ്പിന് ഇരയായി എന്ന് ശിവകുമാറിന് മനസിലായത്. തുടർന്ന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ നാഷണല്‍ സൈബർ ക്രൈം സെല്ലില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.