ബെംഗളൂരു: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് യാത്രാസൗകര്യത്തില്‍ ബെംഗളൂരു അതിവേഗം മറ്റ് മെട്രോ നഗരങ്ങളെ പിന്നിലാക്കി കുതിക്കുകയാണ്.ഇപ്പോഴിതാ സുപ്രധാന മേഖലയായ കെംപഗൗഡ ബസ് സ്റ്റേഷൻ വികസനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവീകരണം എന്നതിലുപരി പൂർണമായ പുനർ വികസനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.1500 കോടി രൂപയുടെ പുനർവികസന പദ്ധതിക്കായി നിലവിലെ ബസ് സ്റ്റേഷൻ പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിന്റെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) 2025-26 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്കായി ഗുരുഗ്രാം ആസ്ഥാനമായുള്ള റെസർജന്റ് ഇന്ത്യ ലിമിറ്റഡിനെ നവംബർ 14-ന് കണ്‍സള്‍ട്ടൻസിക്ക് നിയമിച്ചിട്ടുണ്ട്. ഇതിനായി 6.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഭൂമിയുടെ ഉപയോഗം, ഗതാഗത പ്രവാഹം, വാണിജ്യ വികസനം എന്നിവ ഏജൻസി പഠിക്കും. ജനുവരി അവസാനത്തോടെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ഈ റിപ്പോർട്ട് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. അടുത്ത വർഷം രണ്ടാം പകുതിയോടെ സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡറുകള്‍ കെഎസ്ആർടിസി വിളിക്കാൻ സാധ്യതയുണ്ട്.ഈ പദ്ധതി പ്രകാരം ബിഎംടിസിയുടെയും കെഎസ്ആർടിസിയുടെയും നിലവിലെ ബസ് സ്റ്റേഷനുകള്‍ പൊളിച്ചുമാറ്റും. 32 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം ഒരു ആധുനിക ബസ് ടെർമിനലും വാണിജ്യ കേന്ദ്രവുമായി മാറും. പദ്ധതിക്ക് ഏകദേശം 1,500 കോടി രൂപ ചെലവ് വരുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അക്രാം പാഷ തന്നെ സ്ഥിരീകരിച്ചു.’ഇതൊരു ആസൂത്രണ ഘട്ടത്തിലാണ്. വരും മാസങ്ങളില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമമാക്കും’ എന്നാണ് അദ്ദേഹം പറയുന്നത്. കെഎസ്ആർടിസി, ബിഎംടിസി ബസ് സ്റ്റേഷനുകളെ കെഎസ്ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനുമായും മെട്രോ സ്റ്റേഷനുമായും വരാനിരിക്കുന്ന സബർബൻ റെയില്‍ ഇന്റർചേഞ്ചുമായും ചുറ്റുമുള്ള പ്രദേശങ്ങളുമായും ബന്ധിപ്പിക്കുക എന്നതാണ് പുനർവികസനത്തിലൂടെ ലക്ഷ്യമിടുന്നത്.ഈ സ്ഥലത്ത് ബഹുനില വാണിജ്യ ടവറുകള്‍ ഉള്‍പ്പടെ ഉയരും. മാത്രമല്ല ഇന്റർചേഞ്ച് പോയിന്റുകളില്‍ റീട്ടെയില്‍ ഹബുകളും ഉണ്ടാകും. ഒരു മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ‘സ്വകാര്യ പങ്കാളി പദ്ധതിയില്‍ നിക്ഷേപം നടത്തുകയും പരസ്പരം അംഗീകരിച്ച ഫോർമുല പ്രകാരം ഞങ്ങളുമായി വരുമാനം പങ്കിടുകയും ചെയ്യും. ഞങ്ങള്‍ ഒന്നും നിക്ഷേപിക്കുന്നില്ല’ എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.’നമ്മള് ഇന്ന് കാണുന്ന ബസ് സ്റ്റേഷൻ ചരിത്രത്തിന്റെ ഭാഗമാകും. മെച്ചപ്പെട്ട കണക്റ്റിവിറ്റിയുള്ള ഒരു ആധുനിക കേന്ദ്രമായി ഇത് മാറും’ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ബസ് സർവീസുകള്‍ക്ക് തടസങ്ങള്‍ കുറയ്ക്കുന്നതിനായി ഘട്ടം ഘട്ടമായിട്ടായിരിക്കും പ്രവൃത്തികള്‍ നടക്കുക എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.മെട്രോ, റെയില്‍വേ സ്റ്റേഷനുകളുമായി ബസ് സ്റ്റേഷനുകളുടെ കോണ്‍കോഴ്സുകള്‍ നേരിട്ട് ബന്ധിപ്പിക്കാനാണ് നീക്കം.
റെയില്‍വേ സ്റ്റേഷൻ കനോപിയിലേക്കുള്ള നേരിട്ടുള്ള പാതയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഇന്റഗ്രേഷൻ പോയിന്റുകളുടെ സാങ്കേതിക സാധ്യത കണ്‍സള്‍ട്ടന്റ് വിലയിരുത്തും. നിലവില്‍, ബസ്, റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മൂന്ന് അടിപ്പാതകളുണ്ടെങ്കിലും, അനധികൃത കച്ചവടം, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍, മോശം പരിപാലനം എന്നിവ കാരണം യാത്രക്കാർ തടസങ്ങള്‍ നേരിടുന്നു.1969-ല്‍ തുറന്ന ഈ ബസ് സ്റ്റേഷൻ, വരണ്ടുപോയ ധർമാംബുധി തടാകത്തിന് മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് നഗരത്തില്‍ ശരിയായൊരു ബസ് സ്റ്റേഷൻ ഉണ്ടായിരുന്നില്ല. യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി ബസുകള്‍ തൊട്ടാട ചത്രപ്പ റോഡിലെ തുളസിത്തോട്ടയ്ക്ക് സമീപമാണ് നിർത്താറുണ്ടായിരുന്നത്.കെഎസ്ആർടിസി ബസ് സ്റ്റേഷനില്‍ പ്രതിദിനം ശരാശരി 80,000 യാത്രക്കാരും ബിഎംടിസി ബസ് സ്റ്റേഷനില്‍ 5 ലക്ഷം യാത്രക്കാരും എത്തുന്നുണ്ട്. പ്രതിദിനം ആകെ 11,150 ബസുകള്‍ സർവീസ് നടത്തുന്നു. കെഎസ്ആർടിസി 2660 ബസുകളും മറ്റ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകള്‍ 283 ബസുകളും ബിഎംടിസി 8200 ബസുകളും ഓടിക്കുന്നു. മജെസ്റ്റിക് മേഖലയില്‍ മെട്രോയുടെ വികസനത്തിനുള്ള പദ്ധതികളും അണിയറയില്‍ നടക്കുന്നുണ്ട്.