ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ബെംഗളൂരു രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. റെസൊണൻസ് കൺസൾട്ടൻസിയുടെ 2026 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിനെയും ഉള്‍പ്പെടുത്തിയത്. 270-ലധികം നഗരങ്ങളെ വിലയിരുത്തിയതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ നിന്ന് 100 മികച്ച നഗരങ്ങളെ കണ്ടെത്തി. 29-ാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം. തുടർച്ചയായി 11-ാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന നേട്ടം ലണ്ടന്‍ നിലനിര്‍ത്തി.മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 40-ാമതാണ് മുംബൈയുടെ സ്ഥാനം. ഡല്‍ഹി 54-ാമതായി ഇടം നേടി. ഹൈദരാബാദ് 82-ാമതാണ്. നൂറാം സ്ഥാനത്ത് ദോഹയാണ്. ബെംഗളൂരുവിനെ “ഇന്ത്യയുടെ സിലിക്കൺ വാലി” എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എളുപ്പത്തില്‍ മനസിലാക്കാവുന്നതേയുള്ളൂവെന്ന് റാങ്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനത്താവളത്തിനടുത്തുള്ള 2.8 ബില്യൺ ഡോളറിന്റെ പുതിയ കാമ്പസിൽ ഫോക്‌സ്‌കോൺ ഐഫോൺ 17 നിർമ്മിക്കുന്നതിലൂടെ നഗരത്തിന്റെ ബിസിനസ് ഇക്കോസിസ്റ്റം വ്യക്തമാണ്. 2025ൽ, കോളിയേഴ്‌സ് ബെംഗളൂരുവിനെ ലോകത്തിലെ ഏറ്റവും മികച്ച ടെക് ഹബ്ബുകളിൽ ഒന്നായി റാങ്ക് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ജീവിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന’ ഒരു നഗരമാണിത്. ഫാമിലി-ഫ്രണ്ട്‌ലി അട്രാക്ഷന്‍ റാങ്കിങില്‍ ഒന്നാമതാണ്. ബന്നാർഘട്ടയിലെ വന്യജീവി അനുഭവങ്ങളും വണ്ടർലായിലെ കോസ്റ്ററുകളും ഇതിന് ശക്തി പകരുന്നു. പ്രകൃതിക്കും പാർക്കുകൾക്കുമുള്ള റാങ്കിംഗിൽ നാലാം സ്ഥാനവും ഉണ്ട്. 240 ഏക്കറിലുള്ള ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും 197 ഏക്കറിലുള്ള കബ്ബൺ പാർക്കും നഗരത്തിന്റെ ഹൃദയഭാഗത്തുണ്ട്. നന്ദി ഹില്‍സും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ടെന്നും റാങ്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഗ്ലോബല്‍ റെസ്‌റ്റോറന്റ് റാങ്കിങില്‍ ബെംഗളൂരു മൂന്നാമതാണ്. കരവല്ലിയിലെ പൈതൃക സീഫുഡ് വിഭവങ്ങൾ മുതൽ ഇന്ദിരാനഗറിലെ ‘പ്രോഗസീവ് കിച്ചണുകള്‍’ വരെ ഇവിടെയുണ്ട്. റീട്ടെയിൽ വൈവിധ്യം യുബി സിറ്റിയിലെ ആഢംബരശാലകൾ മുതൽ വിശാലമായ ഫീനിക്സ് മാൾ ഓഫ് ഏഷ്യ വരെ വ്യാപിച്ചു കിടക്കുന്നതാണ്. വിധാൻ സൗധയും ബാംഗ്ലൂർ പാലസുമൊക്കെ മനോഹര ദൃശ്യങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.