Home തൊഴിലവസരങ്ങൾ ബെംഗളുരുവിൽ ഇനി ജോലി തേടി അലയേണ്ട; വിദേശത്തേക്ക് പറക്കാം, അന്താരാഷ്ട്ര തൊഴിൽ മേള വരുന്നു

ബെംഗളുരുവിൽ ഇനി ജോലി തേടി അലയേണ്ട; വിദേശത്തേക്ക് പറക്കാം, അന്താരാഷ്ട്ര തൊഴിൽ മേള വരുന്നു

by admin

ബെംഗളൂരു: വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി കർണാടക സർക്കാർ 2026 ജനുവരിയിൽ ബെംഗളൂരുവിൽ ഒരു അന്താരാഷ്ട്ര തൊഴിൽ മേള സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് ഇത്തരമൊരു മേള ആദ്യമായാണ് നടക്കുന്നത്. സംസ്ഥാന നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവനമാർഗ വകുപ്പാണ് ഇത്തരമൊരു വലിയ പരിപാടിക്ക് നേതൃത്വം നൽകുന്നത്. വിദഗ്ദ്ധ തൊഴിലാളികൾക്ക് വിദേശ കമ്പനികളിൽ ജോലി നേടാൻ ഇത് സഹായകമാകും.ബെംഗളൂരുവിൽ നിലവിൽ ജോലി ചെയ്യുന്നവരും, ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന ആളുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ് വരാനിരിക്കുന്ന തൊഴിൽമേള. യൂറോപ്യൻ, ഗൾഫ്, മിഡിൽ ഈസ്‌റ്റ് രാജ്യങ്ങളിൽ നഴ്‌സുമാർ, പരിചാരകർ (പാരാമെഡിക്കൽ ജീവനക്കാർ), പ്ലംബർമാർ, ആശാരിമാർ, മെക്കാനിക്കുകൾ, മറ്റ് വിദഗ്ദ്ധ തൊഴിലാളികൾ എന്നിവർക്ക് വലിയ ഡിമാൻഡാണ് നിലവിലുള്ളത്. അത് കൂടി പ്രയോജനപ്പെടുത്താൻ ഈ തൊഴിൽമേളയ്ക്ക് സാധിക്കും.ഇന്ത്യയ്ക്ക് ശക്തമായ മാനവ വിഭവശേഷിയുണ്ടെന്നും പല രാജ്യങ്ങൾക്കും വിദഗ്‌ധ തൊഴിലാളികളെ ആവശ്യമാണെന്നും കർണാടക നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവനമാർഗ വകുപ്പ് സെക്രട്ടറി മനോജ് കുമാർ മീണയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ‘വിദഗ്ദ്ധ തൊഴിലാളികളെ തേടുന്ന വിദേശ കമ്പനികളുമായി ഞങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

2026 ജനുവരിയിൽ ബെംഗളൂരുവിൽ ഒരു അന്താരാഷ്ട്ര തൊഴിൽ മേള സംഘടിപ്പിക്കും’ അദ്ദേഹം അറിയിച്ചു.വരാനിരിക്കുന്ന തൊഴിൽ മേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകളുമായി ബന്ധപ്പെടുകയും ഇമെയിൽ വഴി കമ്പനികളെയും ഏജൻസികളെയും സമീപിക്കുകയും ഏതാനും രാജ്യങ്ങളിൽ റോഡ്ഷോകൾ നടത്തുകയും ചെയ്യുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ വകുപ്പ്.കേരള മോഡൽ മാതൃകയാക്കി നഴ്‌സിംഗ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മനോജ് കുമാർ മീണ അറിയിച്ചു. ഇതുവഴി കർണാടകയിൽ നിന്നുള്ള നഴ്‌സുമാർക്ക് വിദേശത്ത് ജോലി നേടാൻ അവസരം ലഭിക്കും. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇന്റർനാഷണൽ മൈഗ്രേഷൻ സെന്ററുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. കൃത്യമായ രീതിയിലുള്ള കുടിയേറ്റം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഡിപ്ലോമയും ഹ്രസ്വകാല നൈപുണ്യ വികസന പരിശീലന പരിപാടികളും വാഗ്ദാനം ചെയ്യുന്ന ഗവൺമെന്റ് ടൂൾ റൂം ആൻഡ് ട്രെയിനിംഗ് സെന്ററും നിലവിൽ കർണാടകയിലുണ്ട്. നിരവധി ഉദ്യോഗാർത്ഥികളാണ് നിലവിൽ ഇത് പ്രയോജനപ്പെടുത്തുന്നത്. രണ്ട് ജിടിസിസി സെന്ററുകളിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന ജർമ്മൻ ലാബുകൾ തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും മനോജ് കുമാർ മീണ പറഞ്ഞു.തൊഴിൽ ലഭിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ ഭാഷാ പരിശീലനം നൽകാനും ധാരണ ആയിട്ടുണ്ട്. ഈ പരിശീലനം നൽകുന്നതിനായി യോഗ്യരായ ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിക്കും. അടിസ്ഥാന ഭാഷാ പഠനത്തിൽ മാത്രം ഇത് ഒതുങ്ങില്ല. കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി വിദേശരാജ്യത്തെ ജീവിതം എളുപ്പമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group