ചില ചെറിയ പ്രവൃത്തികള്‍ മതി നമുക്ക് ഈ ലോകത്തോടുള്ള വിശ്വാസവും സ്നേഹവും എല്ലാം വർധിക്കാൻ. അതുപോലെ ഒരു അനുഭവമാണ് ഇപ്പോള്‍ ഒരു യുവതി ഷെയർ ചെയ്തിരിക്കുന്നത്.മുംബൈയില്‍ നിന്നുള്ള ബെംഗളൂരുവില്‍ താമസിക്കുന്ന യുവതി പറയുന്നത്, തനിക്ക് വിശന്നപ്പോള്‍ യാത്രാമധ്യേ തന്റെ കാബ് ഡ്രൈവർ സാൻഡ്വിച്ച് വാങ്ങിത്തന്നു എന്നാണ്. മുംബൈ സ്വദേശിയായ യോഗിത റാത്തോഡ് എന്ന സ്ത്രീയാണ് സംഭവം വിവരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ബാംഗ്ലൂരില്‍ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വളരെ മനോഹരമായ ഒരു കാര്യമുണ്ടായി’ എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.ഒരു ഷൂട്ട് കഴിഞ്ഞ ശേഷം തനിക്ക് ക്ഷീണം അനുഭവപ്പെട്ടുവെന്നും, പുലർച്ചെ 2 മണിക്കായിരുന്നു തന്റെ വിമാനം എന്നും യോഗിത വീഡിയോയില്‍ പറയുന്നു. വണ്ടിയിലിരുന്ന് അവള് തന്റെ ഫോണില്‍ സംസാരിക്കുന്നതിനിടെ തന്റെ സുഹൃത്തിനോട് അവള് തനിക്ക് വിശക്കുന്ന കാര്യം പറഞ്ഞിരുന്നു. ‘എനിക്ക് നല്ല വിശപ്പുണ്ട്, എന്റെ വിമാനം പുലർച്ചെ 2 മണിക്കാണ്. ബാംഗ്ലൂർ വിമാനത്താവളം എത്ര ദൂരെയാണെന്ന് നിനക്കറിയാല്ലോ. ഇനി എപ്പോ ഞാൻ ഭക്ഷണം കഴിക്കാനാണ്’ എന്നും അവള് സുഹൃത്തിനോട് പറഞ്ഞിരുന്നു.അങ്ങനെ, കാറില്‍ പോയിക്കൊണ്ടിരിക്കെ പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തി യോഗിതയ്ക്കുള്ള സാൻഡ്വിച്ച് വാങ്ങി വരികയായിരുന്നു. സുഹൃത്തിനോട് സംസാരിക്കുന്നതിനിടയില്‍ പറയുന്നത് കേട്ടാണ് ഡ്രൈവർ അത് ചെയ്തത്. ‘നിങ്ങള്‍ വിശക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് ബുദ്ധിമുട്ട് തോന്നി. എന്റെ സഹോദരിക്ക് വിശന്നാലും എനിക്ക് ഇതേ പ്രയാസം തോന്നും. നിങ്ങള്‍ വെജിറ്റേറിയൻ വേണം എന്ന് പറഞ്ഞതുകൊണ്ട് അത് അന്വേഷിക്കുകയായിരുന്നു’ എന്നാണ് ഡ്രൈവർ അവളോട് പറഞ്ഞത്.അതുകേട്ടതോടെ യോഗിതയ്ക്ക് വളരെ അധികം സന്തോഷവും നന്ദിയും അനുഭവപ്പെടുകയായിരുന്നു. ‘നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല’ എന്നാണ് അവള് ഡ്രൈവറോട് പറഞ്ഞത്. പോസ്റ്റിന് നിരവധിപ്പേർ കമന്റ് നല്കി. ഡ്രൈവറുടെ നല്ല മനസിനെ അവരെല്ലാം അഭിനന്ദിച്ചു.