ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ കിരണ്‍, കുശാല്‍ ബാബു, അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ഥിയുടെ സഹോദരനായ ഗോകുല്‍ എന്നിവരാണ് പിടിയിലായത് .മാണ്ഡ്യയില്‍ കഴിഞ്ഞ ദിവസം രാത്രി ദേശീയ പാതയില്‍ നടന്ന കവര്‍ച്ച ശ്രമത്തിനിടെയാണ് മൂവരും അറസ്റ്റിലായത്.ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കാറില്‍ ലിഫ്റ്റ് നല്‍കി വഴിയില്‍വെച്ച് കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. കെങ്കേരി, മൈസൂരു ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് വാടക കാര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. യാത്രക്കാര്‍ വാഹനത്തില്‍ കയറിയാല്‍, മാണ്ഡ്യ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് അവരുടെ മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.