ബെംഗളൂരു: സഹോദരനെ കൊലപ്പെടുത്തി മൃതദേഹം തടാകത്തില്‍ ഉപേക്ഷിച്ച യുവാവും സുഹൃത്തുക്കളും പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. 24 വയസുകാരനായ സഹോദരനെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് കാറിനുള്ളില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ധനരാജാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്നതായി പോലീസ് പറയുന്നു.ധനരാജിന്റെ അക്രമാസക്തമായ പെരുമാറ്റത്തില്‍ സഹികെട്ടാണ് സഹോദരനായ ശിവരാജ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇരുവരും കലബുറഗി ജില്ലയിലാണ് താമസം. ടാക്‌സി ഡ്രൈവറായ ശിവരാജ്, സുഹൃത്തുക്കളായ സന്ദീപ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്.ധനരാജ് മാതാപിതാക്കളോടൊപ്പം ആയിരുന്നു താമസം, മോഷണം, മദ്യപാനം, വഴക്ക് എന്നിവ പതിവായതിനാല്‍ ധനരാജിന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. മാതാപിതാക്കളെ പോലും ധനരാജ് ആക്രമിച്ചിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോള്‍ ശിവരാജിനെയും ക്രൂരമായ ആക്രമണത്തിന് വിധേയനാക്കി.തുടര്‍ച്ചയായ പീഡനം സഹിക്കവയ്യാതെയാണ് ശിവരാജ് സഹോദരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. നവംബര്‍ രണ്ടിന് ധനരാജിനെ ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ബെംഗളൂരുവിലെ ബന്നാര്‍ഘട്ട-നൈസ് റോഡില്‍ നിന്ന് മൂവരും ചേര്‍ന്ന് ശിവരാജിനെ കാറില്‍ കയറ്റികൊണ്ടുപോയി.മുന്‍ സീറ്റിലായിരുന്നു ധനരാജ് ഇരുന്നത്. മൊബൈല്‍ ഫോണില്‍ നോക്കുന്നതിനിടെ സന്ദീപും പ്രശാന്തും ചേര്‍ന്ന് ധനരാജിനെ പിന്നില്‍ നിന്നും പിടിച്ചുവെച്ചു, ഈ നിമിഷം ശിവരാജ് ഒരു വടിവാള്‍ ഉപയോഗിച്ച് ധനരാജിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ശേഷം മൃതദേഹം ബന്നാര്‍ഘട്ട-കഗ്ഗലിപുര റോഡിനോട് ചേര്‍ന്നുള്ള തടാകത്തില്‍ ഉപേക്ഷിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതെളിച്ചത്.