ന്യൂഡൽഹി : ഡൽഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഉകാസ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്നു നിഗമനം.വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിനെ വിദേശത്തു നിന്നു നിയന്ത്രിച്ചിരുന്നത് ഉകാസയാണ്. ഇയാള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നു ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ബെംഗളൂരു, രാമേശ്വരം കഫെ, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഉകാസയാണ്.ബെംഗളൂരു സ്വദേശിയായ ഇയാള്‍ എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം 2012ല്‍ രാജ്യം വിട്ടു. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍പ്പെട്ടതോടെ പാകിസ്ഥാനിലേക്കു കടന്നു. അവിടെ നിന്ന് അഫ്ഗാനിലെത്തി പരിശീലനം നേടി. ദല്‍ഹി സ്‌ഫോടനക്കേസില്‍ ഡോക്ടര്‍മാരുടെയും ജെയ്‌ഷെയുടെയും ഇടനിലക്കാരനായത് ഉകാസയാണ്. വിദേശത്തിരുന്ന് ഇയാള്‍ സ്‌ഫോടനത്തിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൈമാറി. സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ഡോ. മുസമില്‍ ഷഹീദ് അഫ്ഗാന്‍ വഴി തുര്‍ക്കിയിലെത്തി ഉകാസയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്‍ഐഎ ഭീകര ലിസ്റ്റില്‍ വര്‍ഷങ്ങള്‍ക്കു മുമ്ബേ ഇടംപിടിച്ചയാളാണ് മുഹമ്മദ് ഷാഹിദ് ഫൈസല്‍. എന്നാല്‍ മുസമിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉകാസ എന്ന ഇയാളുടെ കോഡ് പുറത്തുവരുന്നത്. 2008ലെ ഫരീദാബാദ്, അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ മിര്‍സ ഷഹാബ് ബെയ്ഗിനും സ്‌ഫോടനത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു.അതേസമയം മുസമില്‍ സ്‌ഫോടനത്തിനായുള്ള വസ്തുക്കള്‍ തയാറാക്കിയിരുന്നത് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് ഉപയോഗിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുസമിലെ വാടക വീട്ടില്‍ നിന്ന് ഗ്രൈന്‍ഡറുകളും ധാന്യ മില്ലും, ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. സ്‌ഫോടനത്തിനുള്ള യൂറിയ പൊടിച്ചത് ധാന്യമില്ലിലാണ്. ഇവിടെ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റും രാസ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.