ബെംഗളൂരു: എ.ടി.എമ്മില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ ഏഴ് കോടി രൂപ കവർച്ച ചെയ്ത കേസിലെ പണം ബെംഗളൂരു പോലീസ് കണ്ടെടുത്തു.തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നാണ് കൊള്ളയടിച്ച പണം പോലീസ് കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് ചെന്നൈയിലേക്കാണ് പണം കടത്തിയത്. അഞ്ച് പേരടങ്ങുന്നതാണ് കവർച്ചാ സംഘമെന്നും ബെംഗളൂരു പോലീസ് അറിയിച്ചു.കവർച്ചാസംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവിന്ദപുര സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിളായ അപ്പണ്ണ നായക് ആണ് പിടിയിലായത്.
ഈ കവർച്ച ആസൂത്രണം ചെയ്തതിന് പിന്നില്‍ ഇയാളാണെന്നാണ് പോലീസിൻ്റെ കണ്ടെത്തല്‍.ബെംഗളൂരു ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. എ.ടി.എമ്മില്‍ നിറക്കാനായി സ്വകാര്യ കമ്ബനിയുടെ വാനില്‍ എത്തിച്ച ഏഴ് കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. എ.ടി.എമ്മിന് മുന്നിലെത്തിയ സംഘം പണവും വാനിലെ ജീവനക്കാരെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജീവനക്കാരെ വഴിയില്‍ ഉപേക്ഷിച്ച ശേഷമാണ് കവർച്ചാസംഘം പണവുമായി കടന്നുകളഞ്ഞത്