ബെംഗളൂരു: ക്ഷേത്രത്തില്‍ വെച്ച് സ്വന്തം മകളെ നരബലി നല്കാൻ ശ്രമിച്ച അമ്മയെ പൊലിസ് പിടികൂടി. ബെംഗളൂരുവിലെ തനിസാന്ദ്ര മെയിൻ റോഡിനടുത്തുള്ള അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം നടന്നത്.അനക്കല്‍ സ്വദേശിനിയായ സരോജമ്മ (55) ആണ് മകളായ രേഖയെ (25) വെട്ടിയത്. കഴുത്തിനു പിന്നില്‍ ഗുരുതരമായി വെട്ടേറ്റ രേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയാണ് ഇരുവരും ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത്. പ്രാർത്ഥന കഴിഞ്ഞ ഉടനെ സരോജമ്മ മകളെ പിന്നില്‍ നിന്ന് അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. രേഖയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സരോജമ്മയെ പിടിച്ചുമാറ്റിയത്.രേഖയും ഭർത്താവും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വീട്ടിലെത്തിയ മകളെ സരോജമ്മ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഒരു ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണ് സരോജമ്മ മകളെ നരബലി നല്കാൻ തീരുമാനിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക സംശയം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.