ഐ പിഎല്ലില്‍ അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ വീഡിയോ പുറത്തിറക്കി ചെന്നൈ സൂപ്പർ കിങ്‌സ്.ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ സഞ്ജു തന്റെ വരവിനെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുന്നുണ്ട്.ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പല ഡാർക്ക് കളറുകള്‍ ഇതിന് മുമ്ബ് ഇട്ടിട്ടുണ്ടങ്കിലും മഞ്ഞ ജഴ്‌സി ഇടുന്നത് ആദ്യമാണെന്നും അത് വല്ലാത്തൊരു ഫീലിംഗ് ആണെന്നും സഞ്ജു പറയുന്നുണ്ട്. വളരെ വ്യത്യസ്തയും സന്തോഷവും അനുഭവപ്പെടുന്നുവെന്നും ഒരു ചാമ്ബ്യനെ പോലെ സ്വയം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മലയാള നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ ഉപയോഗിച്ച് ചെന്നൈ ഒരു വീഡിയോ ഇറക്കിയിരുന്നു. ‘ടൈമായി. എടാ മോനെ, പണി തുടങ്ങിക്കോ’ എന്ന ബേസിലിന്റെ ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്.പിന്നാലെ സഞ്ജുവിനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയില്‍ പടുകൂറ്റൻ കട്ടൗട്ട് ഒരുക്കുന്ന ബേസിലിന്റെ പ്രവർത്തനങ്ങളാണ് കാണിക്കുന്നത്. വീഡിയോയില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ 11-ാം നമ്ബർ ജഴ്സിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയ്ക്ക് ഒടുവിലായി ‘ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും’ എന്ന് കരുത്തോടെ ബേസില്‍ പറയുന്നുണ്ട്.ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന്റെ താരമായിരുന്നു സഞ്ജു സാംസണ്‍. അടുത്ത സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയല്‍സിന് കൈമാറിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്.