ബെംഗളുരു നഗരത്തില്‍ പട്ടാപകല്‍ എ.ടി.എമ്മില്‍ പണം നിറക്കാന്‍ കൊണ്ടുപോയ വാഹനം കൊള്ളയടിച്ചതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സഹായം നല്‍കിയവരെ അജ്ഞാത കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അതേ സമയം കൊള്ളക്കാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തിരുപ്പതിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പട്ടാപകല്‍ നൂറുകണക്കിനു സിസിടിവി ക്യാമറകളെയും തലസ്ഥാന നഗരിയിലെ അതീവ സുരക്ഷയയെയും മറികടന്നുള്ള കൊള്ളയ്ക്ക് എത്രയും വേഗം തുമ്പുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണു ബെംഗളുരു പൊലീസ്.
നാലു ജോയിന്റ് കമ്മീഷണര്‍മാരും 18 ഡിസിപിമാരും ഉള്‍പെട്ട വന്‍സംഘമാണു തിരച്ചില്‍ നടത്തുന്നത്. അതിനിടെയാണ് കല്യാണ്‍ നഗറില്‍ നിന്നു രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിലുള്ള കവര്‍ച്ച സംഘത്തെ സഹായിച്ചെന്നു സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതോടെയാണ് കസ്റ്റഡി. കൃത്യമായ വിവരങ്ങളുണ്ടെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.കൊള്ളക്കാര്‍ സഞ്ചരിച്ച കാര്‍ ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപം കണ്ടെത്തി. വാഹനം ഉപേക്ഷിച്ചു പണവുമായി കൊള്ളക്കാര്‍ രക്ഷപെട്ടു. വാഹനത്തിന്റെ യഥാര്‍ഥ റജിസ്ട്രേഷന്‍ യു.പിയിലാണന്നു വ്യക്തമായി. കൊള്ളക്കാര്‍ ഹിന്ദിയിലായരിരുന്നു സംസാരിച്ചിരുന്നതെന്നതിനാല്‍ ഉത്തരേന്ത്യന്‍ സംഘമാവാം കവര്‍ച്ചയ്ക്കു പിന്നിലന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.