കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയില്‍ ലേബർ റൂം ലഭിക്കാത്തതിനെ തുടർന്ന് ഇടാനാഴില്‍ വച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു.റാണേബെന്നൂർ കാങ്കോല്‍ സ്വദേശി രൂപ ഗിരീഷ് ജന്മം നല്കിയ പെണ് കുഞ്ഞാണ് മരിച്ചത്. കടുത്ത പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച രൂപയെ ലേബർ റൂമില്‍ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ അകത്തു പ്രവേശിപ്പിച്ചിരുന്നില്ല തുടർന്ന് ശുചിമുറിയിലേക്ക് നടക്കുന്നതിനിടെയാണ് രൂപ ഇടനാഴിയില്‍ വച്ച് പെണ് കുഞ്ഞിന് ജന്മം നല്‍കിയത്.കുട്ടിയുടെ തല തറയിലിടിച്ചതാണ് മരണത്തിനു കാരണമായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. കടുത്ത പ്രസവ വേദനയാല്‍ ആശുപത്രിയില്‍ എത്തിച്ച രൂപയെ നിലത്തിരിക്കാൻ നിർബന്ധിച്ചെന്നും ആശുപത്രി അധികാരികളില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതരോട് കളക്ടർ വിശദീകരണം തേടി.അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്ന് അവഗണന ഉണ്ടായിട്ടില്ലെന്ന് ജില്ലാ ആശുപത്രി സർജൻ ഡോക്ടർ പി ആർ ഹവാനൂർ പ്രതികരിച്ചു. രാവിലെ 10: 27 നാണ് യുവതി ആശുപത്രിയില്‍ എത്തിയത്, ആ സമയത്ത് 3 യുവതികള്‍ ലേബർ വാർഡില്‍ ഉണ്ടായിരുന്നു. അതിനാലാണ് യുവതിയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടത്. എന്നാല്‍ വേദന കൂടിയ അവർ ശുചിമുറിയിലേക്ക് പോയി, പ്രസവത്തിനുമുന്നേ കുട്ടി മരിച്ചോയെന്ന് പരിശോധിക്കാൻ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.