കെ എസ് ആർ ടി സി ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന അന്തർസംസ്ഥാന റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് ഉപഭോക്താക്കളുടെ ചൂഷണത്തിന് വഴിയൊരുക്കാതെയും വിപണിയില്‍ നീതിയുള്ള മത്സരം നിലനിർത്തിയും ‘ഡൈനാമിക് പ്രൈസിങ്’ എന്ന പുതിയ നിരക്കുസംവിധാനം നടപ്പാക്കുന്നു.സ്വകാര്യ ബസുകള്‍ ആവശ്യത്തിനനുസരിച്ച് നിരക്കുകള്‍ അനിയന്ത്രിതമായി ഉയർത്തുന്ന സാഹചര്യം തുടരുന്നതിനിടെയാണ് സർക്കാർ ഈ നടപടിയിലേക്ക് കടന്നിരിക്കുന്നത്.യാത്രക്കാരുടെ താല്‍പര്യം വർധിപ്പിക്കാനും, പ്രത്യേകിച്ച് വെള്ളിയും ഞായറും ഒഴികെയുള്ള കുറവ് യാത്രക്കാരുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ നിറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. കെ എസ് ആർ ടി സിയുടെ വരുമാന സ്രോതസ്സ് സ്ഥിരപ്പെടുത്താനും, സ്വകാര്യ ബസുകള്‍ നടത്തുന്ന നിരക്കിലെ അനിശ്ചിതത്വം കുറച്ച് യാത്രക്കാർക്ക് കൂടുതല്‍ വിശ്വാസമുള്ള ഒരു ഗതാഗത സംവിധാനം ഒരുക്കുകയെന്നതും ലക്ഷ്യമാണ്.ഈ സംവിധാനപ്രകാരം ടിക്കറ്റുകള്‍ മൂന്നു വിഭാഗങ്ങളായിരിക്കും. ആദ്യ 50 ശതമാനം യാത്രക്കാർക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
ഇത് സാധാരണ ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാനാണ്. തുടർന്ന് വരുന്ന 40 ശതമാനം ടിക്കറ്റുകള്‍ നിലവിലുള്ള സ്ഥിര നിരക്കിലാണ് ലഭിക്കുക. അവസാന 10 ശതമാനം ടിക്കറ്റുകള്‍ക്ക് മാത്രമെ ആവശ്യത്തിനനുസരിച്ച് നിരക്ക് ഉയരുകയുള്ളു. അതായത്, സ്വകാര്യ ബസുകള്‍ പോലെ പീക്ക് സമയങ്ങളില്‍ നിരക്ക് കുത്തനെ ഉയർത്തുന്നതിനേക്കാള്‍ നിയന്ത്രിതവും വ്യക്തവുമായ നിരക്കുകളില്‍ യാത്രക്കാര്ക്ക് സേവനം ലഭിക്കാനാകും.ബംഗളൂരു, ചെന്നൈ, മൈസൂരു, കോയമ്ബത്തൂർ, മംഗളൂരു, മണിപ്പാല്‍ തുടങ്ങിയ തിരക്കേറിയ റൂട്ടുകളിലെ വോള്‍വോ, പ്രീമിയം, എസി സേവനങ്ങള്‍ക്കാണ് ഈ നിരക്കുമാറ്റത്തിന്റെ പ്രാഥമിക പ്രാബല്യം. ഈ റൂട്ടുകളിലാണ് സ്വകാര്യ ബസുകളുടെ ആധിപ്യതയും നിരക്കിലെ കുത്തനെ മാറ്റങ്ങളും ഏറ്റവും കൂടുതല്‍ അനുഭവിക്കപ്പെടുന്നത്. യാത്രക്കാർക്ക് സ്ഥിരമായ നിരക്കില്‍ യാത്ര ചെയ്യാനുള്ള ഉറപ്പ് നല്‍കുന്നതിനൊപ്പം സർക്കാർ ബസുകള്‍ക്കും വിപണിയിലെ മത്സരം നിലനിർത്താൻ ഈ ശ്രമം സഹായിക്കും.