Home പ്രധാന വാർത്തകൾ ബെംഗളൂരു ശുചീകരണ പദ്ധതിക്ക് 613 കോടി: റോഡ് തൂപ്പ് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കം വൻ വിവാദത്തില്‍

ബെംഗളൂരു ശുചീകരണ പദ്ധതിക്ക് 613 കോടി: റോഡ് തൂപ്പ് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കം വൻ വിവാദത്തില്‍

by admin

ബെംഗളൂരു : നഗരത്തിലെ റോഡുകള്‍ വൃത്തിയാക്കുന്നതിനായി 46 യന്ത്രവല്‍കൃത റോഡ് തൂപ്പ് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനം വൻ വിവാദത്തിലേക്ക്.ഏഴ് വർഷത്തെ വാടകയിനത്തില്‍ 613 കോടി രൂപ ചെലവഴിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനമാണ് പ്രതിപക്ഷ പാർട്ടികളുടെയും നഗരവാസികളുടെയും ശക്തമായ വിമർശനത്തിന് ഇടയാക്കിയത്. ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.അധികാരത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടം അംഗീകരിച്ച ഈ പദ്ധതി സംശയകരവും അമിത ചെലവുള്ളതുമാണെന്ന് ആരോപിച്ച്‌ കർണാടക ബിജെപി രംഗത്തെത്തി. വ്യാഴാഴ്ചയാണ് 46 യന്ത്രങ്ങള്‍ ഏഴ് വർഷത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഈ പദ്ധതിയിലെ കണക്കുകളെക്കുറിച്ച്‌ സംശയം ഉന്നയിച്ച്‌ കേന്ദ്രമന്ത്രി ശോഭ കരന്ദലജെ എക്സില്‍ പോസ്റ്റിട്ടു.’ഈ തുകയില്‍ ആർക്കാണ് നേട്ടമുണ്ടാകുന്നത് എന്നതിനെക്കുറിച്ച്‌ ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നു’ എന്ന് അവർ എക്സിലെ പോസ്റ്റില്‍ ആരോപിച്ചത്. മാത്രമല്ല ഒരു റോഡ് തൂപ്പ് യന്ത്രത്തിന് ഏകദേശം 50 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയാണ് വില വരുന്നത്. അതായത്, 46 യന്ത്രങ്ങള്‍ വാങ്ങാൻ ഏകദേശം 37 കോടി മുതല്‍ 38 കോടി രൂപ മാത്രമേ ചെലവ് വരൂ. ഏഴ് വർഷത്തേക്ക് 46 ഡ്രൈവർമാർക്കും 100 സഹായികള്‍ക്കുമുള്ള ശമ്ബളം കൂട്ടിയാല്‍ പോലും മൊത്തം ചെലവ് 60 കോടി മുതല്‍ 70 കോടി രൂപയ്ക്കുള്ളില്‍ ഒതുങ്ങുമെന്നും അവർ എക്സിലെ പോസ്റ്റില്‍ പറയുന്നു.’യന്ത്രങ്ങള്‍, തൊഴിലാളികളുടെ ചെലവ്, അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം കൂട്ടിയാലും മൊത്തം ചെലവ് 100 കോടി രൂപ കവിയരുത്. എന്നിട്ടും സർക്കാർ 613 കോടി രൂപ ചെലവഴിക്കുകയാണ്. ബാക്കിയുള്ള 500 കോടി രൂപ എങ്ങോട്ടാണ് പോകുന്നത് എന്നും, ഈ അമിതമായ ചെലവുകൊണ്ട് ആർക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും സംശയം ഉയരുന്നു. സർക്കാർ ഈ നിർദ്ദേശം ഉടൻ പിൻവലിക്കണമെന്നും കർണാടകയിലെ ജനങ്ങള്‍ക്ക് പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും ശക്തമായി അഭ്യർത്ഥിക്കുന്നു,’ ശോഭ കരന്ദലജെ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group