ചെന്നൈ:കന്യാകുമാരിയിൽനിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പർ തീവണ്ടി സർവീസ് ജനുവരിയിൽ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാർക്ക് പ്രയോജനകരമാകും.പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി നൽകിയ ഉപകരാർ പ്രകാരം ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) 16 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പർ നിർമിച്ചിട്ടുണ്ട്. ഇതിൽ ഒരു തീവണ്ടിയാണ് കന്യാകുമാരിയിൽനിന്ന് ബെംഗളൂരുവിലേക്ക് ഓടിക്കുക. ഐസിഎഫിൽ ഇതുവരെ വന്ദേഭാരതിന്റെ 95 ചെയർകാർ തീവണ്ടികൾ പുറത്തിറക്കിയിട്ടുണ്ട്. മികവുറ്റ സൗകര്യങ്ങളും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതുമാണ് യാത്രക്കാരെ വന്ദേഭാരത് തീവണ്ടിയിലേക്ക് ആകർഷിക്കുന്നത്.