ബംഗളൂരു: കൊച്ചി മെട്രോയുടെ തൃശ്ശൂരിലേക്ക് നീട്ടുമെന്ന സുരേഷ് ഗോപി എംപിയുടെ പ്രസ്താവന ഏറെ പരിഹസിക്കപ്പെട്ടിരുന്നു.എന്നാല്‍ ഏതാണ്ട് സമാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പദ്ധതി ആലോചിക്കുകയാണ് കർണാടക സര്‍ക്കാർ. ബെംഗളൂരുവിനെയും, എഴുപത് കിലോമീറ്ററോളം അകലെയുള്ള തുമകുരു നഗരത്തെയും പരസ്പരം ബന്ധിപ്പിച്ച് ഒരു മെട്രോ ഓടിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. ഇതിനുള്ള ആദ്യപടി സര്‍ക്കാർ വെക്കുകയും ചെയ്തു.തുമകൂരുവുമായി മെട്രോയെ ബന്ധിപ്പിക്കുന്നത് അബദ്ധ പദ്ധതിയാകുമെന്ന് നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത്തരം ആശങ്കകളൊന്നും വകവെക്കാതെ ഇരു നഗരങ്ങളെയും തമ്മില്‍ മെട്രോയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ഡിപിആർ തയ്യാറാക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ.
തൃശ്ശൂർ-കൊച്ചി മെട്രോ പദ്ധതിക്കെതിരെ ഉയർത്തിയ അതേ പ്രശ്നങ്ങള്‍ തന്നെയാണ് ഇവിടെയും ചൂണ്ടിക്കാണിക്കപ്പെടുന്നത്.ബെംഗളൂരുവിലെ മാടവാര മുതല്‍ തുമകുരു വരെയുള്ള 59.6 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോറിന് വേണ്ടിയാണ് വിശദ പദ്ധതി റിപ്പോർട്ടിന് (DPR) ടെൻഡർ വിളിച്ചിരിക്കുന്നത്. ഏകദേശം 20,896 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട് ഈ പദ്ധതിക്ക്.ഇതിനെതിരെ കടുത്ത വിമർശനവുമായി ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ രംഗത്ത് വന്നിട്ടുണ്ട്. ഈ പദ്ധതി നഗരാസൂത്രണത്തെ സംബന്ധിച്ച് ഒരു പേടിസ്വപ്നമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് ഉയർന്ന ചിലവ് വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുമകുരുവിലേക്ക് ലോകോത്തര നിലവാരത്തിലുള്ള കണക്റ്റിവിറ്റി ആവശ്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ മെട്രോ ശരിയായ മാർഗ്ഗമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പകരം, ഏറെനാളായി മുടങ്ങിക്കിടക്കുന്ന സബർബൻ റെയില്‍വേ വികസിപ്പിക്കണമെന്ന് തേജസ്വി പറഞ്ഞു.