ന്യൂ ഡല്‍ഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ ഉഗ്ര സ്‌ഫോടനത്തിന് മുൻപായി ഡ്രോണ്‍,റോക്കറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഡല്‍ഹിയില്‍ അടക്കം ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടെന്ന് എൻ.ഐ.എ.ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജസീർ ബിലാല്‍ വാനിയാണ് ശ്രീനഗറില്‍ അറസ്റ്റിലായത്. എൻ.ഐ.എയുടെ രണ്ടാമത്തെ അറസ്റ്റാണിത്. ഇതിനിടെ,ഞായറാഴ്ച അറസ്റ്റിലായ ജമ്മു കാശ്‌മീർ പാംപോർ സ്വദേശി അമിർ റാഷിദ് അലിയെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു.
ഇയാള്‍ ഗൂഢാലോചനയിലെ പങ്കാളിയാണ്. ഉമറിനെ ഐ.ഇ.ഡി നിർമ്മാണത്തിന് സഹായിച്ചെന്നും,വാടകവീട് ഏർപ്പാടാക്കി കൊടുത്തെന്നും കോടതിയെ എൻ.ഐ.എ അറിയിച്ചു. അതേസമയം, സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ 15 ആയി.