തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ളിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകളാണ് പുതിയതായി ചേർത്തത്.സംസ്ഥാനത്ത് ആകെയുള്ളത് 2,86,6271 വോട്ടർമാർ. 34,745 വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചിരിക്കുകയാണ്. നവംബർ 21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധി അവസാനിക്കും. തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബർ 13ന്.രാവിലെ 7മുതല്‍ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. ഏഴു തെക്കൻ ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകളില്‍ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒരുമിച്ച് ഡിസംബർ 13ന് രാവിലെ എട്ടിന് ആരംഭിക്കും. തുടർ നടപടികള്‍ 18ന് പൂർത്തിയാകും. ഡിസംബർ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരുന്നത്.
സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളില്‍ കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വാർഡുവിഭജനത്തിനുശേഷം ആകെ 23,612 വാർഡുകളാണുള്ളത്. മുൻപ് 21,900ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 941ഗ്രാമപഞ്ചായത്തുകളും 152 ബ്ളോക്കുപഞ്ചായത്തുകളും14 ജില്ലാപഞ്ചായത്തുകളും 87 മുനസിപ്പാലിറ്റികളും ആറ് കോർപ്പറേഷനുകളുമാണ് സംസ്ഥാനത്തുള്ളത്.