ബെംഗളൂരു: കർണാടകയില്‍ സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാലംഗ സംഘം. കർണാടകയില്‍ യാദ്ഗിരിയില്‍ ആയിരുന്നു ക്രൂരകൊലപാതകം നടന്നത്.സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്ബാനൂരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുൻ ചെയർപേഴ്സണാണ് അഞ്ജലി കമ്ബാനൂർ. രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പട്ടാപ്പകല്‍ അഞ്ജലിക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. യാദ്ഗിരി ജില്ലയിലെ ഗ്രീൻ സിറ്റിക്ക് സമീപത്ത് വെച്ച് അഞ്ജലി സഞ്ചരിച്ചിരുന്ന കാർ നാല് പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും അഞ്ജലിയെ ആക്രമിക്കുകയുമായിരുന്നു. മരകായുധങ്ങളുമായാണ് ഇവർ വന്നത്. തുടർന്ന് കാറിന്റെ ഗ്ലാസ് തകർത്ത് അഞ്ജലിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഡ്രൈവര്‍ ഉടനെ കലബുര്‍ഗിയിലെ ആശുപത്രിയിള്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് അഞ്ജലി മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അഞ്ജലിയുടെ മരണം സംഭവിച്ചത്. മൂന്ന് വർഷം മുൻപാണ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്ബാനൂർ കൊല്ലപ്പെട്ടത്. അഞ്ജലിയെ ആക്രമിച്ച ഇതേ അക്രമി സംഘം തന്നെയായിരുന്നു ഇവരുടെ ഭർത്താവിനെയും ആക്രമിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപം നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് അന്ന് ഗിരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഗിരീഷിന്റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മൂന്ന് വർഷങ്ങള്‍ക്കിപ്പുറം അഞ്ജലിയെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നിലുള്ള സൂത്രധാരനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.