Home പ്രധാന വാർത്തകൾ കര്‍ണാടക ബാഗല്‍കോട്ടിലെ കർഷകസമരം: തീയിട്ടത് 96 ട്രാക്ടറുകൾക്ക്, 350 ടണ്ണോളം കരിമ്പ് കത്തിനശിച്ചു

കര്‍ണാടക ബാഗല്‍കോട്ടിലെ കർഷകസമരം: തീയിട്ടത് 96 ട്രാക്ടറുകൾക്ക്, 350 ടണ്ണോളം കരിമ്പ് കത്തിനശിച്ചു

by admin

ബെംഗളൂരു: കരിമ്പിന് വിലവർധന ആവശ്യപ്പെട്ട് കർഷകസമരം കത്തിപ്പടർന്ന ബാഗൽകോട്ട് ജില്ലയിലെ മുധോളിൽ തീയിട്ടത് 96 ട്രാക്ടറുകൾക്ക്. പഞ്ചസാര ഫാക്ടറിയിലേക്ക് കരിമ്പുമായെത്തിയ ട്രാക്ടറുകൾക്കാണ് തീയിട്ടത്. ട്രാക്ടറുകളിലുണ്ടായിരുന്ന 350 ടണ്ണോളം കരിമ്പ് കത്തിനശിച്ചതായാണ് കണക്ക്.വ്യാഴാഴ്ച വൈകീട്ടാണ് സമരം അക്രമാസക്തമായത്. രാത്രിയും ട്രാക്ടറുകൾക്ക് തീയിട്ടു. അതേസമയം, ട്രാക്ടറുകൾക്ക് തീയിട്ടത് സമരക്കാരല്ലെന്നാണ് കർഷക സമരനേതാക്കൾ പറയുന്നത്. മുധോളിലെ സമീർവാഡിയിലുള്ള ഫാക്ടറിയുടെ മുൻപിലായിരുന്നു അക്രമം.പഞ്ചസാര ഫാക്ടറിയിൽ കരിമ്പുമായെത്തിയ ട്രാക്ടറുകൾക്കും ട്രോളികൾക്കും തീയിട്ട സംഭവം അന്വേഷിക്കുമെന്ന് വെള്ളിയാഴ്ച സ്ഥലത്തെത്തിയ കരിമ്പുകൃഷി വികസന വകുപ്പുമന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. ഉത്തരവാദികളുടെ പേരിൽ നിയമനടപടി സ്വകരിക്കുമെന്നും അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ആർ.ബി. തിമ്മപുരയും ഒപ്പമുണ്ടായിരുന്നു. പിന്നീട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഫാക്ടറി ഉടമകളും കർഷ നേതാക്കളുമായി ചർച്ച നടത്തി.

കരിമ്പുവിലയുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിലുണ്ടായെന്നാണ് സൂചന. ഇതോടെ, കർഷകർ സമരത്തിൽനിന്ന് പിൻമാറി.കരിമ്പ് ടണ്ണിന് വില 3,500 രൂപയാക്കി വർധിപ്പിക്കണമെന്നാണ് ആവശ്യം. ഫാക്ടറി ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ചമുതൽ കർഷകർ സമരം തുടങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച ബെളഗാവിയിലെയും സമീപജില്ലകളിലെയും കർഷകർ നടത്തിയ സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഫാക്ടറി ഉടമകളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയിൽ കരിമ്പുവില ടണ്ണിന് 3300 രൂപയായി നിശ്ചയിച്ചതോടെയായിരുന്നു സമരം അവസാനിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group