ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ മുധോളിൽ കരിമ്പുകർഷകരുടെ സമരം ശക്തമാകുന്നതിനിടെ പഞ്ചസാര ഫാക്ടറിയിലേക്ക് കരിമ്പുമായി പോയ ട്രാക്ടറുകൾക്ക് തീയിട്ടു. 13 ട്രാക്ടറുകൾക്കാണ് തീയിട്ടത്. തീയണയ്ക്കാൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. വ്യാഴാഴ്ച വൈകീട്ടാണ് അക്രമമുണ്ടായത്. . അതേസമയം, ട്രാക്ടറുകൾക്ക് തീയിട്ടതുമായി സമരക്കാർക്ക് യാതൊരു ബന്ധവുമില്ലെന്ന് കർഷക നേതാക്കൾ അവകാശപ്പെട്ടു.സമരത്തെ കളങ്കപ്പെടുത്താൻ അക്രമം ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായും പറഞ്ഞു. കരിമ്പിന് ടണ്ണിന് 3,500 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരം ചെയ്യുന്നത്. ഫാക്ടറി ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്.