ബെംഗളൂരു: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി സോഫ്റ്റ്വെയർ എഞ്ചിനീയറെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചതായി പരാതി.26 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് മോഷണത്തിന് ഇരയായത്.യുവാവിന്റെ പരാതി പ്രകാരം, 3.22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല, 3.45 ലക്ഷം രൂപയുടെ ബ്രേസ്ലെറ്റ്, 10,000 രൂപ, 12,000 രൂപ വിലയുള്ള ഹെഡ്സെറ്റ് എന്നിവയുമായാണ് യുവതി മുങ്ങിയത്. ആകെ 6.89 ലക്ഷം രൂപയുടെ നഷ്ടം തനിക്കുണ്ടായെന്ന് യുവാവ് ബെംഗളൂരുവിലെ ഇന്ദിരാനഗർ പൊലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, യുവതി തന്റെ സ്വകാര്യ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടാകുമോ എന്ന ആശങ്കയും പരാതിക്കാരനായ യുവാവിനുണ്ട്.സംഭവം നടന്നത് നവംബർ ഒന്നിനാണെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് യുവാവ് പൊലിസില്‍ പരാതി നല്‍കിയത്.രണ്ട് മാസം മുമ്ബ് ‘ഹാപ്ൻ’ (Happn) എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് താൻ കവിപ്രിയ എന്ന യുവതിയെ പരിചയപ്പെട്ടതെന്ന് യുവാവ് പൊലിസിനോട് പറഞ്ഞു. കുറച്ചു നാളത്തെ ചാറ്റിംഗിന് ശേഷം നവംബർ ഒന്നിന് ഇന്ദിരാനഗറിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് ഇരുവരും നേരില്‍ കണ്ടു. തുടർന്ന്, ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു.രാത്രി വളരെ വൈകിയതിനാല്‍, താൻ താമസിക്കുന്ന സ്ഥലത്തേക്ക് തിരികെ പോകാൻ കഴിയില്ലെന്ന് പറഞ്ഞ യുവതി, അടുത്തുള്ള ഒരു ലോഡ്ജില്‍ മുറി ബുക്ക് ചെയ്തിരുന്നു.റൂമിലെത്തിയതിന് ശേഷം രാത്രി 12.30 ഓടെ ഓണ്‍ലെെനായി ഭക്ഷണം വരുത്തി. പിന്നീട്, യുവതി തനിക്കൊരു ഗ്ലാസ് വെള്ളം നല്‍കി, അത് കുടിച്ച ഉടനെ താൻ ഉറങ്ങിപ്പോയെന്നും യുവാവ് മൊഴി നല്‍കി. രാവിലെ ബോധം വന്നപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടു. യുവതിയെയും മുറിയില്‍ കണ്ടില്ല. തുടർന്ന് യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്ന് പൊലിസ് വ്യക്തമാക്കി.ഭക്ഷണത്തിലോ വെള്ളത്തിലോ മയക്കുമരുന്ന് കലർത്തിയാകാം യുവതി കൃത്യം നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നു. യുവതിക്കെതിരെ, മോഷണത്തിനും വഞ്ചനയ്ക്കും ഇന്ദിരാനഗർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു