കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന്.മത്രമല്ല, ഈ മാസം ഇത്രയും ഉയര്‍ന്ന നിരക്കില്‍ ഒരുദിവസം വില കൂടുന്നത് ആദ്യമാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഉയരുന്നുണ്ട്. ഇതാണ് കേരളത്തിലും ഉയരാന്‍ കാരണം. അമേരിക്കയിലെ ഭരണപ്രതിസന്ധി അവസാനിച്ചതോടെ സ്വര്‍ണത്തില്‍ വലിയ കുതിപ്പ് കാണുന്നുണ്ട്. എത്രവരെ ഉയരുമെന്ന കാര്യത്തില്‍ വിപണി നിരീക്ഷകര്‍ ഭിന്ന അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. എങ്കിലും ഇനി കാര്യമായ തിരിച്ചിറക്കം ഉണ്ടാകില്ല എന്നാണ് കരുതുന്നത്.കേരളത്തില്‍ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് രണ്ട് തവണ വില ഉയര്‍ന്ന് 90800 രൂപയില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇന്ന് രാവിലെ 1800 രൂപ ഉയര്‍ന്ന് 92600 രൂപയില്‍ എത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 225 രൂപ വര്‍ധിച്ച് 11575 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4150 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കും.