ബെംഗളൂരു :ബെംഗളൂരുവിൽനിന്ന് ഞായറാഴ്ച കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം ഇറാഖിലേക്ക് വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. അമിതമായ മൂടൽമഞ്ഞുകാരണം കാഴ്ച മറഞ്ഞതിനാലാണ് കുവൈത്തിൽ വിമാനം ഇറക്കാൻ കഴിയാതെ വന്നത്. തുടർന്ന് ഇറാഖിലെ ബസ്രയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. എട്ട് മണിക്കൂറാണ് അവിടെ വിമാനത്തിനുള്ളിൽത്തന്നെ യാത്രക്കാർക്ക് കഴിയേണ്ടിവന്നത്.

ബെംഗളൂരുവിൽനിന്ന് പുലർച്ചെ മൂന്നിന് പുറപ്പെട്ട ജസീറ എയർവേസ് വിമാനം ഇന്ത്യൻ സമയം 8.10-ന് കുവൈത്തിൽ ഇറങ്ങേണ്ടതായിരുന്നു. ബസ്രയിൽ കാത്തുകിടക്കുന്നതിനിടെ, പൈലറ്റ് അടക്കമുള്ളവരുടെ ജോലിസമയം അവസാനിച്ചതിനാൽ കുവൈത്തിൽ ആകാശം തെളിഞ്ഞിട്ടും വിമാനം അവിടെത്തന്നെ തുടർന്നു. പിന്നീട് കുവൈത്തിൽനിന്ന് വേറെ കാബിൻ ക്രൂ എത്തി യാത്ര തുടരുകയായിരുന്നു. ഇതുകാരണം പത്ത് മണിക്കൂറോളം വൈകിയാണ് വിമാനം കുവൈത്തിൽ എത്തിയത്.