ബെംഗളൂരു: ഒരു ടാക്സി കിട്ടണമെങ്കില്‍ മണിക്കൂറുകളോളം കാത്തുനില്ക്കണം. ഏതെങ്കിലും ചെറുപട്ടണത്തിലെ കഥയല്ല പറയുന്നത്.ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കഥയാണ്. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ക്യൂവില്‍ കാത്തു നിന്നാലാണ് ഒരു ടാക്സി ലഭിക്കുക. ഏറെ നാളായി തുടരുന്ന ഈ ദുരിതത്തിന് ഇതുവരെയും ഒരു അറുതിയായില്ല.ബെംഗളൂരു വിമാനത്താവളത്തിലെ യൂബർ പിക്കപ്പ് പോയിന്റില്‍ നീണ്ട ക്യൂ ആണ് ദിസവും. കഴിഞ്ഞ ദിവസം ഈ ക്യൂവിന്റെ ദൃശ്യങ്ങള്‍ ദിശ സെയ്നി എന്ന യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയാണ് വിഷയത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. വീഡിയോ വൻതോതില്‍ വൈറലായി മാറി. രാത്രി വൈകിയെത്തിയ തനിക്ക് ടാക്സി ലഭിക്കാൻ രണ്ടുമണിക്കൂറിലധികം കാത്തുനില്‍ക്കേണ്ടി വന്നുവെന്ന് അവർ പറഞ്ഞു. ഈ പ്രശ്നം കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായിരിക്കുകയാണെന്ന് പല യാത്രക്കാരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നു.സമയം ലാഭിക്കാൻ ഫ്ലൈറ്റ് പിടിച്ച് ബെംഗളൂരുവില്‍ വന്നിറങ്ങുന്നവർക്ക് ആ ലാഭം നഷ്ടമായി മാറുന്നത് കാണാമെന്നാണ് ദിശ പറയുന്നത്. “രാത്രി ബാംഗ്ലൂരില്‍ ഇറങ്ങിയത് സമയം ലാഭിക്കാനാണ്. വിമാനത്താവളത്തിലെ ഊബർ പിക്കപ്പ് പോയിന്റിലെ സ്ഥിതി ഇതായിരുന്നു. ഇവിടെ രണ്ടുമണിക്കൂറിലധികം കാത്തുനില്‍ക്കേണ്ടി വന്നു,” ദിശ സെയ്നി എക്സില്‍ കുറിച്ചു. ഈ വീഡിയോ അതിവേഗം പ്രചരിക്കുകയും 2,500-ലധികം ലൈക്കുകള്‍ നേടുകയും ചെയ്തു. നിരവധി സ്ഥിരം യാത്രക്കാർ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ഈ സ്ഥിതി കഴിഞ്ഞ കുറച്ച് മാസങ്ങളായി വഷളായിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.”ഇതൊരു പതിവ് പ്രശ്നമാണ്. ടാക്സി മാനേജ്മെന്റ് വളരെ മോശമാണ്. വിമാനത്താവളത്തിലെ ടാക്സികള്‍ നിർത്തലാക്കുകയും നിരോധിക്കുകയും വേണം. അവർ കൊള്ളയടിക്കുകയാണ്. ബില്ല് നല്‍കുന്നില്ല. യൂബർ ബ്ലാക്ക് നിർബന്ധിതമായി നല്കുന്നു. യൂബർ പ്രൈം അല്ലെങ്കില്‍ ഓല പ്രൈം ഒന്നും ലഭ്യമല്ല. ബെംഗളൂരു വിമാനത്താവളത്തിലെ ടാക്സി മാനേജ്മെന്റ് ഒട്ടും ശരിയല്ല,” ഒരു ഉപയോക്താവ് എഴുതി.കഴിഞ്ഞ എട്ട് മാസത്തോളമായി ഇങ്ങനെയാണ് സ്ഥിതിയെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു. അതിനുമുമ്ബ് ഏത് സമയത്തും – പകലായാലും രാത്രിയായാലും – ടാക്സികള്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ടെർമിനല്‍ ഒന്നിലും രണ്ടിലും ഓല, യൂബർ, എയർപോർട്ട്, റാപ്പിഡോ ടാക്സികള്‍ക്ക് വലിയ ക്ഷാമമുണ്ട്,” മറ്റൊരാള്‍ പറഞ്ഞു.ആപ്പ് അധിഷ്ഠിത ടാക്സികള്‍ക്ക് പകരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നിർദ്ദേശിക്കുകയാണ് ചിലർ. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന കിയാ എസി ബസുകള്‍ എയർപോർട്ടുകള്ക്കരികില് ലഭ്യമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ടാക്സികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇത് വളരെ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണെന്ന് അവർ പറയുന്നു. എന്നാല്‍ പൊതുഗതാഗത സംവിധാനം എല്ലായിടത്തേക്കും ലഭ്യമാകില്ല. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇത് ബുദ്ധിമുട്ടാണ്. തങ്ങളുടെ വീട്ടുപടിക്കലേക്ക് എത്തുക എന്നതാണ് ഓരോരുത്തരുടെയും പ്രധാന ആവശ്യം. പൊതുഗതാഗതത്തില്‍ അത് അത്ര എളുപ്പമല്ല.ഇത്തരം സാഹചര്യങ്ങളില്‍ ചില ബദല്‍ മാർഗങ്ങളുണ്ടെന്നാണ് പലരും പറയുന്നത്. എയർപോർട്ടില്‍ നിന്ന് പുറത്തുകടക്കുമ്ബോള്‍ ഇടതുവശത്തുള്ള നന്ദിനി കോഫി ബൂത്തിലേക്ക് നടന്ന് അതിന്റെ പിന്നിലേക്ക് പോയാല്‍ കെഎസ്ടിഡിസി ടാക്സികള്‍ കിട്ടും. അവയ്ക്ക് ഏകദേശം ഇതേ നിരക്കാണ് ഈടാക്കുന്നത്. അല്ലെങ്കില്‍ നന്മയാത്രി ആപ്പ് ഉപയോഗിച്ചാലും മതി. സാധാരണ അഗ്രിഗേറ്ററുകളേക്കാള് മികച്ച നിരക്കില്‍ അതില്‍ ടാക്സി ലഭിക്കും.എന്നാല്‍ വിമാനയാത്രക്കാർ ഭൂരിഭാഗവും വലിയ ലഗേജുമായാണ് വന്നിറങ്ങാറുള്ളത്. അവരെ സംബന്ധിച്ചിടത്തോളം പുറത്തേക്ക് പോകുകയും അവിടെ ടാക്സിയോ ബസ്സോ കണ്ടെത്തി കേറുകയും ചെയ്യുന്നത് പ്രായോഗികമല്ല എന്ന പ്രശ്നവും പലരും ചൂണ്ടിക്കാണിക്കുന്നു.