ബെംഗളൂരു : ഭിന്നശേഷിക്കാർക്ക് സ്വകാര്യമേഖലയിലും ജോലി സംവരണം ഏർപ്പെടുത്താൻ നീക്കവുമായി കർണാടക സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്. ഇതിനായി നിയമനിർമാണം നടത്തുമെന്ന് തൊഴിൽമന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. കരടുബിൽ തയ്യാറാക്കുന്ന നടപടികൾ നടന്നുവരുകയാണ്.ഭിന്നശേഷിക്കാർക്ക് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും സംവരണം ഏർപ്പെടുത്തും.ഭിന്നശേഷിക്കാരുടെ അവകാശത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടന കൺവെൻഷനിലെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് സ്വകാര്യസ്ഥാപനങ്ങളിലും സംവരണം കൊണ്ടുവരാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായിട്ടാകും ഒരു സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി ഇത്തരത്തിൽ ഒരു നിയമനിർമാണം നടത്തുന്നതെന്ന് തൊഴിൽ വകുപ്പ് അധികൃതർ പറഞ്ഞു. ഏതൊക്കെ മേഖലകളിലും ഏതുതരം ജോലികളിലുമാണ് സംവരണം ഏർപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.