ബെംഗളൂരു : ബിസിനസ് കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന ബെംഗളൂരുവിലെ സംരംഭകര്‍ സംഭാവന നല്കുന്നതില് പിശുക്ക് കാട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്ഥാപനമായ ഈഡല്‍ഗിവ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഫിലാന്ത്രഫി പട്ടികപ്രകാരം ഈ വര്‍ഷം ബെംഗളൂരുവിലെ സംരംഭകര്‍ സംഭാവനയായി നല്‍കിയത് 1,588 കോടി രൂപയാണ്.ഇക്കാര്യത്തില്‍ രാജ്യത്തെ നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഐടി നഗരം. ഒന്നാം സ്ഥാനം 2,649 കോടി രൂപ സംഭാവന ചെയ്ത മുംബൈയ്ക്കാണ്. രണ്ടാം സ്ഥാനത്ത് 2,266 കോടിയുമായി ഡല്‍ഹിയാണ്.ബെംഗളൂരുവിലെ സംരംഭകരില്‍ പട്ടികയില്‍ ഒന്നാമത് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേകനിയാണ്. ഇദ്ദേഹം 365 കോടി രൂപ സംഭാവന ചെയ്തു. സ്ത്രീ സംരംഭകരില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തത് നന്ദന് നിലേകനിയുടെ ഭാര്യ കൂടിയായ റോഷ്നിയാണ്. ഇവര്‍ 204 കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ 83 കോടി രൂപയും സംഭാവന ചെയ്തു.രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത സംരംഭ കുടുംബം എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാരുടെ കുടുംബമാണ്. ഇവര്‍ 2,537 കോടി രൂപ സംഭാവന ചെയ്തു. ഇതേ സമയം ബെംഗളൂരുവിന്റെ സ്വന്തം ഐടി കമ്പനിയായ ഇന്‍ഫോസിസുമായി ബന്ധപ്പെട്ട സംരംഭകരായ നന്ദന് നിലേകനി, ക്രിസ് ഗോപാലകൃഷ്ണന്, കെ. ദിനേശ്, റോഷ്നി , കുമാരി ഷിബുലാല്‍ എന്നിവര്‍ ചേര്‍ന്ന് 850 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.ഈഡല്‍ഗിവ് ഫൗണ്ടേഷന്റെ പട്ടികയില്‍ രാജ്യത്തെ 191 സമ്പന്നരായ വ്യക്തികളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവര്‍ ഈ വര്‍ഷം ആകെ 10,500 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് ഇവര്‍ സംഭാവന നല്‍കുന്നത്.