ബംഗളുരു: ബംഗളുരുവിലെ ആചാര്യ കോളജിന് സമീപം മയക്കുമുരുന്ന് സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം. വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മിഡിയവണിന് ലഭിച്ചു. ആചാര്യകോളജിലെ വിദ്യാർഥി കൂടിയായ ഒരാളാണ് സംഘത്തിന്റെ തലവനെന്ന് നാട്ടുകാർ ആരോപിച്ചു.ഇന്നലെയാണ് സംഭവം. ആചാര്യ കോളജിലെ വിദ്യാർത്ഥികൾക്ക് സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു സംഘം പ്രദേശത്തുണ്ട്. വൈകുന്നേരങ്ങളിൽ ഇവരെത്തി വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകാറുണ്ട്. പലതവണ നാട്ടുകാർ ഇത് ചോദ്യം ചെയ്തിരുന്നു. അന്നെല്ലാം ചോദ്യം ചെയ്യുന്നവരെ മയക്കുമരുന്ന് സംഘം അടിച്ചോടിക്കലാണ് പതിവ്. ഇന്നലെ നാട്ടുകാർ സംഘടിച്ചെത്തി ഇവരെ ചോദ്യം ചെയ്യുകയും അടിച്ചോടിക്കുകയുമായിരുന്നു. സംഘത്തലവൻ ഇപ്പോൾ ആചാര്യ കോളജിൽ വന്ന് ചേർന്നിട്ടുണ്ടെന്നും തദേശവാസികൾ ആരോപിച്ചു.