ബെംഗളൂരു: രാജ്യത്ത് തന്നെ ഗതാഗതക്കുരുക്കിന് ഒന്നാമതായി പേരുകേട്ട ബെംഗളൂരു നഗരത്തിന് വഴിത്തിരിവാകാൻ കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി). 117 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിങ് റോഡ് പദ്ധതിയിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതിലൂടെ ട്രാഫിക് 40 ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.ബിസിനസ് ഡെവലപ്മെൻ്റ് അതോറിറ്റി (BDA) രണ്ട് വർഷത്തിനുള്ളിൽ പൂര്‍ത്തിയാക്കാൻ ഒരുങ്ങുന്ന പദ്ധതിക്ക് ആദ്യം 27000 കോടി രൂപയായിരുന്നു ചെലവായി കണക്കാക്കിയത്. എന്നാല്‍ ഇപ്പോൾ 7000 കോടി രൂപയ്ക്ക് താഴെയാകും ചെലവ് വരികയെന്നാണ് വിലയിരുത്തുന്നത്.ഈ ചെലവ് കുറയ്‌ക്കാൻ വ്യത്യസ്‌ത തീരുമാനവുമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്. ആളുകള്‍ നഷ്‌ടപ്പെടുന്ന ഭൂമിക്ക് പകരം പണമല്ല മറിച്ച് സർക്കാർ പ്രത്യേക ഭൂമി നല്‍കുകയാണ് ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പാത വിപുലീകരണ പ്രകാരം ജനങ്ങള്‍ക്ക് നഷ്‌ടപരമായി പണമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ചെലവ് കുറയ്‌ക്കാനാണ് കര്‍ണാടക സര്‍ക്കാരിൻ്റെ നീക്കം. 1900 ത്തോളം കുടുംബങ്ങൾക്ക് വീണ്ടെടുക്കുന്ന ഭൂമിക്ക് പകരമായി സര്‍ക്കാര്‍ ഭൂമി നല്‍കും.ബിബിസിക്ക് പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്‌ടപ്പെടുന്ന ഭൂവുടമകൾക്ക് അഞ്ച് നഷ്‌ട പരിഹാര ഓപ്‌ഷനുകളാണ് മന്ത്രിസഭ വാഗ്‌ദാനം ചെയ്‌തു. ഇതോടെ പദ്ധതിയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഭൂമിയുടെ മൂല്യത്തിൻ്റെ രണ്ടോ മൂന്നോ ഇരട്ടി, ബിബിസിയോട് ചേർന്നുള്ള വാണിജ്യ ഭൂമിയുടെ 35%, ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) വികസിപ്പിച്ച ലേഔട്ടുകളിലെ റെസിഡൻഷ്യൽ പ്ലോട്ടുകളുടെ 40%, അല്ലെങ്കിൽ തറ വിസ്‌തീർണ്ണ അനുപാതങ്ങൾ (എഫ്എആർ) എന്നിവ ഈ ഓപ്ഷനുകളിൽ ഉൾപ്പെടുന്നുഭൂമി നഷ്‌ടപ്പെടുന്നവർക്ക് ഇവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. അതേസമയം 20 സെൻ്റില്‍ താഴെ ഭൂമി നഷ്‌ടപ്പെടുന്നവർക്ക് മാത്രമേ പണമായി നഷ്‌ടപരിഹാരം ലഭിക്കാൻ അർഹതയുള്ളൂ. “കുറഞ്ഞത് 50% കർഷകരെങ്കിലും നഷ്‌ടപരിഹാരമായി ഭൂമി തെരഞ്ഞെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ, പദ്ധതിച്ചെലവ് ഗണ്യമായി കുറയും. ഏകദേശം 7,000 കോടി രൂപ വരെ കുറയും, ഇത് സർക്കാരിന് വലിയ ആശ്വാസമാകും,” വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും ബിബിസി ലിമിറ്റഡിൻ്റെ ചെയർമാനുമായ എൽ കെ അതീഖ് ഇടിവി ഭാരതിനോട് പറഞ്ഞു.ബിജെപി-ജെഡിഎസ് സഖ്യ സർക്കാരിനെ നയിച്ച എച്ച് ഡി കുമാരസ്വാമി 2007 ൽ ബിബിസി നിർമ്മാണത്തിനായി 2,410 ഏക്കർ ഭൂമിയുടെ വിജ്ഞാപനം നടത്തി. കർഷകർക്ക് വാണിജ്യ ഭൂമി നൽകുന്നതിനായി റോഡിൻ്റെ വീതി നേരത്തെ 100 മീറ്ററിൽ നിന്ന് 65 മീറ്ററായി സർക്കാർ കുറച്ചു. പുതുക്കിയത് പ്രകാരം പദ്ധതിയിൽ ഇപ്പോൾ എട്ട് ലെയ്ൻ മെയിൻ കാരിയേജ് വേയും, നാല് ലെയ്ൻ സർവീസ് റോഡുകളും ഇരുവശത്തും ഉണ്ടാകും. മധ്യ ഭാഗത്തായി ഒരു മെട്രോ റെയിൽ പദ്ധതിക്കുള്ള വ്യവസ്ഥയും ഉണ്ടാകും..