ബെംഗളൂരു : മോഷണംപോയവയടക്കം കാണാതായ ഒരുലക്ഷത്തിലേറെ മൊബൈൽ ഫോണുകൾ അന്വേഷണംനടത്തി കണ്ടെത്തി തിരിച്ചുപിടിച്ച് കർണാടക പോലീസ്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 1,00,485 ഫോണാണ് തിരിച്ചുപിടിച്ചത്. 2022 സെപ്റ്റംബർമുതൽ ഇതുവരെയുള്ള കണക്കാണിത്. സെൻട്രൽ എക്യുപ്മെന്റ് ഐഡൻ്റിറ്റി രജിസ്ട്രി ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിലൂടെയാണ് മൊബൈലുകൾ കണ്ടെത്തിയത്. മോഷണംപോയതും മറ്റുവിധത്തിൽ കാണാതായതുമായ ഫോണുകളാണിവ.
രാജ്യത്ത് ഇത്തരത്തിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി തിരിച്ചുപിടിച്ചതിൽ രണ്ടാംസ്ഥാനമാണ് കർണാടകയ്ക്ക്. ഒന്നാമത് തെലങ്കാനയാണ്. ഇവിടെ 1,02,168 ഫോൺ തിരിച്ചുപിടിച്ചു. ഈ രണ്ട് സംസ്ഥാനം മാത്രമാണ് ഒരുലക്ഷത്തിൽ കൂടുതൽ ഫോണുകൾ തിരിച്ചുപിടിച്ചത്. മൂന്നാംസ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 56,960 ഫോണുകൾ കണ്ടെത്തി. കേരളത്തിൽ 10,284 ഫോണാണ് കണ്ടെത്തിയത്.രാജ്യത്ത് 40.50 ലക്ഷത്തോളം ഫോണുകൾ നഷ്ടമായതായി റിപ്പോർട്ടുചെയിട്ടുണ്ട്. ഇതിൽ 6.68 ലക്ഷത്തോളം ഫോണുകൾ കണ്ടെത്തി.
നഷ്ടമായതിൽ 26.65 ശതമാനം ഫോണാണ് കണ്ടെത്തിയത്. കർണാടകത്തിൽ 4.50 ലക്ഷം ഫോൺ കാണാതായതിൽനിന്നാണ് ഒരുലക്ഷത്തിലേറെ എണ്ണം കണ്ടെത്തിയത്. 2.52 ലക്ഷം ഫോണുകൾ എവിടെയാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ഇതരംസംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായതിനാൽ കണ്ടെത്താൻകഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നഷ്ടമായതിൽ 39.87 ശതമാനം ഫോണുകളാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ 32,000 ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.