ബെംഗളൂരു: മകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി വാങ്ങിയെന്ന പോസ്റ്റ് പ്രചരിച്ചതോടെ ബെലന്തൂർ എസ്ഐയ്ക്കും കോണ്‍സ്റ്റബിളിനും സസ്പെൻഷൻ.ബിപിസിഎല്‍ മുൻ സിഎഫ്ഒയാണ് തന്റെ മകളുടെ മരണത്തെത്തുടർന്ന് പൊലീസിനു പുറമേ ആംബുലൻസ് ഡ്രൈവർ, ബിബിഎംപി ജീവനക്കാർ തുടങ്ങിയവരില്‍ നിന്നുണ്ടായ ദുരിതങ്ങള്‍ പോസ്റ്റിലൂടെ പങ്കുവെച്ചത്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ബെലന്തൂർ എസ്ഐ സന്തോഷ്, കോണ്‍സ്റ്റബിള്‍ ഗോരഖ്നാഥ് എന്നിവരെ വൈറ്റ്ഫീല്‍ഡ് ഡിസിപി ഇടപെട്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
തലച്ചോറില്‍ രക്തസ്രാവം കാരണം സെപ്റ്റംബർ 18നു മകള്‍ അക്ഷയ ശിവകുമാർ (34) മരിച്ചതിനെ തുടർന്നു തനിക്കുണ്ടായ പീഡാനുഭവങ്ങളാണു ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍) മുൻ സിഎഫ്ഒ കെ.ശിവകുമാർ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നുള്ള എംബിഎ ബിരുദധാരിയായ അക്ഷയ ഗോള്‍ഡ്മാൻ സാക്സ് ഉള്‍പ്പെടെയുള്ള കമ്ബനികളില്‍ 11 വർഷം ജോലി ചെയ്തിരുന്നു. പൊലീസിനു പുറമേ ആംബുലൻസ് ഡ്രൈവർ, ബിബിഎംപി ജീവനക്കാർ തുടങ്ങിയവരില്‍ നിന്നുണ്ടായ ദുരിതങ്ങള്‍ പോസ്റ്റിലുണ്ട്.
കസവനഹള്ളിയിലെ ആശുപത്രിയില്‍ നിന്നു മകളുടെ കണ്ണുകള്‍ ദാനം ചെയ്യാനായി കോറമംഗല സെന്റ്ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ 3,000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇൻസ്പെക്ടർ ഉള്‍പ്പെടെ വളരെ പരുഷമായി പെരുമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് വഴങ്ങിയത്.ബിബിഎംപി ശ്മശാന ജീവനക്കാരും കൈക്കൂലി ആവശ്യപ്പെട്ടു. 4 ദിവസം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണു കോണ്‍സ്റ്റബിള്‍ പരസ്യമായി കൈക്കൂലി ആവശ്യപ്പെട്ടത്.
ബിബിഎംപി ഓഫിസില്‍ 5 ദിവസം കയറിയിറങ്ങിയിട്ടും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ജാതി സർവേയുമായി ബന്ധപ്പെട്ടു ജീവനക്കാർ തിരിക്കിലാണെന്നാണു മറുപടി ലഭിച്ചത്. തുടർന്നു ബിബിഎംപിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായം തേടിയെങ്കിലും കൈക്കൂലി കൊടുത്തതിനെ തുടർന്നാണു മരണ സർട്ടിഫിക്കറ്റും ലഭിച്ചതെന്നു പോസ്റ്റിലുണ്ട്. ഈ പോസ്റ്റ് പിന്നീട് നീക്കി.
 
