ബെംഗളൂരു: ശരിയായ രേഖകളില്ലാതെ സെക്കൻഡ് ഹാൻഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബംഗളൂരു പൊലീസ്.ഇത്തരം ഇടപാടുകള്‍ സാമ്ബത്തികമായും നിയമപരമായും പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മുന്നറിയിപ്പ് നല്‍കി. രേഖകളില്ലാത്ത ഫോണുകള്‍ വാങ്ങുന്നവർക്ക് പണവും ഉപകരണവും ഒരുപോലെ നഷ്ടപ്പെടും. പണം മോഷ്ടാക്കള്‍ക്ക് പോവുകയും, മോഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞാല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.കഴിഞ്ഞ ഒന്നര മാസമായി നഗരത്തില്‍ നടത്തിയ പ്രത്യേക പരിശോധനയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കമ്മീഷണർ. ഈ കാലയളവില്‍ ബെംഗളൂരുവില്‍ മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ 3.02 കോടി രൂപ വിലമതിക്കുന്ന 1,950 മൊബൈല്‍ ഫോണുകളാണ് സിറ്റി പൊലീസ് വീണ്ടെടുത്തത്. സെൻട്രല്‍ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ (CEIR) പോർട്ടല്‍ ഉപയോഗിച്ച് കമാൻഡ് സെന്‍ററിലെ ഉദ്യോഗസ്ഥർ മൊത്തം 895 മോഷണം പോയതും നഷ്ടപ്പെട്ടതുമായ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്തതായി പറഞ്ഞു.ഐഎംഇഐ നമ്ബറുകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യാൻ ഈ പോർട്ടല്‍ സഹായിക്കും. 2024 മാർച്ച് മുതല്‍ കർണാടക സ്റ്റേറ്റ് പൊലീസ് ആപ്പ് വഴി ലഭിച്ച പരാതികളുടെയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേസുകള്‍ അന്വേഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ ഫോണിന്‍റെ ഐഎംഇഐ നമ്ബർ സിഇഐആർ പോർട്ടലില്‍ അപ്‌ലോഡ് ചെയ്താല്‍, ഏതെങ്കിലും സിം കാർഡ് ഉപയോഗിച്ച് ഉപകരണം ഓണ്‍ ചെയ്യുമ്ബോള്‍ ഒരു അലേർട്ട് ലഭിക്കും.ഇത് ഉപയോഗിച്ച് ഉപയോക്താവിനെ കണ്ടെത്തി ഹാൻഡ്‌സെറ്റ് വീണ്ടെടുക്കാൻ പൊലീസിന് കഴിയും. പിടിയിലായവരില്‍ ഭൂരിഭാഗം പേരും സെക്കൻഡ് ഹാൻഡ് വില്‍പ്പനക്കാരില്‍ നിന്ന് മോഷ്ടിച്ച ഫോണുകള്‍ അറിയാതെ വാങ്ങിയവരാണെന്ന് അധികൃതർ അറിയിച്ചു. ട്രാക്ക് ചെയ്ത ഫോണുകളില്‍ 765 എണ്ണം ബെംഗളൂരുവില്‍ നിന്നാണ് വീണ്ടെടുത്തത്.ഫോണ്‍ വാങ്ങുമ്ബോള്‍ മോഷണ മുതല്‍ അല്ല എന്ന് ഉറപ്പാക്കണം. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവർക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഫോണുകളുമായി പൊലീസ് സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലും ബഹളം സൃഷ്ടിച്ചാണ് മോഷണം നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കവർന്ന ഫോണുകള്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയും. ഇതോടെ നെറ്റ്‌വർക്ക് ജാം ആകുമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.