വിമാനത്താവളങ്ങളിലെ പ്രീമിയം ഷോപ്പിങ് അനുഭവം എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. പലപ്പോഴും വിമാനത്തിനായുള്ള നീണ്ട കാത്തിരിപ്പിനിടെ ഇത്തരം ഷോപ്പിങ് അനുഭവങ്ങളാണ് യാത്രക്കാരുടെ ബോറടി മാറ്റുന്നത്. എന്നാല്‍ ഇത് വിമാന യാത്രക്കാര്‍ക്ക് മാത്രമാണ് സാധ്യമാകുന്നത്.എന്നാല്‍ ഇനി ബെംഗളൂരു നഗരവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. വിമാനത്താവളത്തിലേതു പോലെ ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ വരാന്‍ പോവുകയാണ്. ഏറ്റവും മികച്ച പെര്‍ഫ്യൂമുകള്‍ മുതല്‍ ഇറക്കുമതി ചെയ്ത ചോക്ലേറ്റുകള്‍ വരെയുള്ള പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഇനി ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളിലും ലഭിക്കും. ഇത് ട്രെയിന്‍ യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കുമെന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ പ്രതീക്ഷ.

ബെംഗളൂരു ഡിവിഷന്റെ കീഴിലുള്ള എല്ലാ പ്രധാന സ്റ്റേഷനുകളിലുമുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കായി ഉടന്‍ തന്നെ പാട്ടത്തില്‍ നല്‍കും. ട്രെയിനിനായി കാത്തിരിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.