ബെംഗളൂരു: കർണാടകയിലെ ബിദർ ജില്ലയില്‍ അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ യുവതിയുടെ അച്ഛനും സഹോദരനും അറസ്റ്റില്‍.മഹാരാഷ്ട്ര സ്വദേശിയായ വിഷ്ണുവാണ് (27) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ ലക്ഷ്മി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വിഷ്ണു വിവാഹിതയും മക്കളുമുള്ള പൂജയെന്ന യുവതിയുമായി ബന്ധത്തിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ ബന്ധത്തെക്കുറിച്ച് പൂജയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതിനിടെ വിഷ്ണുവുമായി ഒന്നിച്ച് താമസിക്കുന്നതിനായി പൂജ ഭർത്താവിനെ ഉപേക്ഷിക്കുകയും മൂന്ന് മാസങ്ങള്‍ക്കുമുൻപ് നാഗനപള്ളിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.പൂജയെ കാണാനായി വിഷ്ണു രണ്ട് കൂട്ടുകാർക്കൊപ്പം നാഗനപള്ളിയിലേക്ക് പോയി. ഒരു ഹനുമാൻ ക്ഷേത്രത്തില്‍ വെച്ച് പരസ്പരം കാണാനായിരുന്നു ഇവരുടെ പദ്ധതി. ക്ഷേത്രത്തിലെത്തിയ വിഷ്ണുവിനെ പൂജയുമായുള്ള ബന്ധത്തിന്റെ പേരില്‍ പൂജയുടെ പിതാവ് അശോകും സഹോദരൻ ഗജനനും ചേർന്ന് ചോദ്യം ചെയ്തു.തുടർന്ന് ഇരുവരും ചേർന്ന് വിഷ്ണുവിനെ ക്ഷേത്രത്തിന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഒരാളെ രണ്ടുപേർ ചേർന്ന് മർദ്ദിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലിസ് സ്ഥലത്തെത്തി. പൊലിസാണ് അബോധാവസ്ഥയിലും ഗുരുതര പരിക്കുകളോടെയും കണ്ട വിഷ്ണുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ബിദർ ബിആർഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ മരണം സ്ഥിരീകരിച്ചു.കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൂജയുടെ പിതാവ് അശോകിനും സഹോദരൻ ഗജനനുമെതിരേ കേസെടുത്തിരിക്കുന്നത്. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
 
