ബൈയ്യപ്പനഹള്ളിയില്‍ അത്യാധുനിക സുരക്ഷാ കൃത്യനിര്‍വഹണ കേന്ദ്രം ആരംഭിക്കാന്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).ഇതിനായി ബിഎംആര്‍സിഎല്‍ തത്പര കക്ഷികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നമ്മ മെട്രോയുടെ സൈബര്‍ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും എഐ ഭീഷണികളും പ്രതിരോധിക്കാനാണ് അതി നൂതന സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നത്.നമ്മ മെട്രോ ശൃംഖലയുടെ സൈബര്‍-ഭൗതിക സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ണായകമായ ചുവടുവയ്പ്പാണിത്.

ബെംഗളൂരു നമ്മ മെട്രോ ശൃംഖലയിലെ സൈബര്‍, ഗ്രൗണ്ട് സുരക്ഷാ സംവിധാനങ്ങളില്‍ നിരന്തര നിരീക്ഷണവും അടിയന്തര ഇടപെടലുകളും പ്രതികരണങ്ങളും സംയോജിപ്പിക്കുന്ന കേന്ദ്ര കമാന്‍ഡ് ഹബ്ബായാണ് ഈ അത്യാധുനിക സുരക്ഷാ കേന്ദ്രം പ്രവര്‍ത്തിക്കുക.എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ഇടനാഴികളിലെയും ഐടി സംവിധാനങ്ങളെ സിസിടിവി നിരീക്ഷണവുമായി സംയോജിപ്പിക്കും. ഇത് തത്സമയ നിരീക്ഷണം, വ്യതിയാനങ്ങള്‍ കണ്ടെത്തല്‍, സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെയുള്ള പൊടുന്നനെയുള്ള പ്രതികരണം എന്നിവയ്ക്ക് സഹായിക്കും.
ഈ കേന്ദ്രം ഐടി, നിരീക്ഷണ സംവിധാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ തിരിച്ചറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ഉറപ്പുവരുത്തും.നമ്മ മെട്രോ ശൃംഖലകളെ റാന്‍സംവെയര്‍, ഡാറ്റാ ലംഘനങ്ങള്‍, പ്രവര്‍ത്തന സംവിധാനങ്ങള്‍ തകരാറിലാക്കാനും യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താവുന്നതുമായ എഐ ആക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയാണ് ഈ കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം.ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അത്യാധുനിക സുരക്ഷാകേന്ദ്രം സാക്ഷാത്കരിക്കാന്‍ ബിഎംആര്‍സിഎല്‍ തീരുമാനിക്കുകയായിരുന്നു.
നെറ്റ്‌വർക്ക് സുരക്ഷ ഉറപ്പാക്കി ഹാക്കിങ് സാധ്യതകള്‍ തടയാനും യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും രൂപകല്‍പ്പന ചെയ്ത, നൂതനമായ വിശകലന ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഈ കേന്ദ്രത്തിലുണ്ടാകും.ശരാശരി പ്രതിദിനം 8 മുതല്‍ 10 ലക്ഷം വരെ യാത്രക്കാര്‍ നമ്മ മെട്രോ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില അവസരങ്ങളില്‍ ഇത് പത്ത് ലക്ഷം കടക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള സുരക്ഷാ പദ്ധതി അനിവാര്യമാണെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു.