Home Featured 80,000 പേര്‍ക്ക് ഇരിക്കാം, ചെലവ് 2,350 കോടി ; ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ബെംഗളൂരുവില്‍ ഉയരും

80,000 പേര്‍ക്ക് ഇരിക്കാം, ചെലവ് 2,350 കോടി ; ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ബെംഗളൂരുവില്‍ ഉയരും

by admin

ക്രിക്കറ്റ് ആരാധകർക്ക് കുറവില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ക്രിക്കറ്റിന് ഏറെ വളക്കൂറുള്ള സംസ്ഥാനാത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.ഐടി നഗരമായ ബംഗളൂരു നഗരത്തോട് ചേർന്ന് 80,000 പേർക്ക് ഇരിക്കാവുന്ന അതിനൂതനമായ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരും. പദ്ധതിക്ക് കർണാടക മന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി.പദ്ധതി അംഗീകരിച്ച്‌ നിർമാണം പൂർത്തിയായാല്‍ ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ പ്രവർത്തനക്ഷമമാകും. ഇത് കർണാടകയുടെയും ബെംഗളൂരുവിൻ്റെയും കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

നഗര വികസന പദ്ധതികള്‍, ഗതാഗത ശൃംഖലകള്‍, ടൂറിസം സംരംഭങ്ങള്‍ എന്നിവയുമായി ഇത് സംയോജിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ നിർമിക്കും?ഏറെ തിരക്കും, ഗതാഗത പ്രശ്നങ്ങളും തുടരുന്ന ബെംഗളൂരു നഗരത്തില്‍ നിന്ന് മാറിയാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ആലോചന. തലസ്ഥാന നഗരിയില്‍ നിന്ന് 40 കിലോമീറ്റർ അകലെ അനേക്കല്‍ എന്ന സ്ഥലത്താണ് ലോകോത്തര നിലവാരമുള്ള ഈ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുക. അനേക്കലിലെ സൂര്യനഗർ നാലാം സ്റ്റേജ് എക്സ്റ്റൻഷനിലെ ഇന്ദല്‍വാടി ഗ്രാമത്തില്‍ 75 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം പണിയുക. നിർദിഷ്ട പദ്ധതി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനും സാധ്യതാ പഠനം നടത്താനും ഹൗസിങ് വകുപ്പിന് നിർദേശം നല്‍കിയതായി പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടില്‍ അറിയിച്ചു.

നിലവില്‍ ബെംഗളൂരുവിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം എം. ചിന്നസ്വാമി സ്റ്റേഡിയമാണ്. സുരക്ഷാ പ്രശ്നങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ചകളും കാരണം ചിന്നസ്വാമി സ്റ്റേഡിയം വിമർശനങ്ങള്‍ നേരിടുന്നുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 32,000 പേർക്ക് മാത്രമാണ് ഇരിക്കാൻ സൗകര്യമുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ കിരീടം നേടിയതിന് ശേഷം ജൂണ്‍ നാലിന് നടന്ന പരിപാടിയില്‍ അപകടമുണ്ടായത് സ്റ്റേഡിയത്തിൻ്റെ സുരക്ഷയെ ചോദ്യം ചെയ്തിരുന്നു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിച്ച കമ്മീഷൻ, പ്രധാന മത്സരങ്ങള്‍ ബെംഗളൂരുവിലെ തിരക്കില്‍ നിന്ന് മാറ്റി സുരക്ഷിതമായ വേദികളിലേക്ക് മാറ്റണമെന്ന് ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരു നഗരത്തിലെ തിരക്കില്‍ നിന്ന് മാറി മറ്റൊരിടത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള ആലോചനകളിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്.

80,000 പേർക്ക് ഇരിക്കാവുന്ന അതിനൂതനമായ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ് ഏകദേശം 2,350 കോടി രൂപയാണ്. സ്റ്റേഡിയത്തോട് ബന്ധപ്പെട്ട് 24 ഇൻഡോർ, ഔട്ട്‌ഡോർ കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും 3,000 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ടാകും. പദ്ധതി പൂർത്തിയാകുമ്ബോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കായിക സമുച്ചയങ്ങളില്‍ ഒന്നായിത്തിരും പുതിയ ക്രിക്കറ്റ് സ്റ്റേഡിയ സമുച്ചയം. ഇതോടെ ദേശീയവും അന്തർദേശീയവുമായ മത്സരങ്ങള്‍ ഇവിടെ നടത്താൻ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍, ടി20 ലീഗുകള്‍ എന്നിവ നടത്താൻ നിർദിഷ്ട സ്റ്റേഡിയം സഹായിക്കും. പ്രാദേശിക പ്രതിഭകളെ വളർത്താനും ദേശീയ ടീമുകളില്‍ കർണാടകയുടെ പ്രാതിനിധ്യം വർധിപ്പിക്കാനും ഇത് സഹായിക്കും. സ്കൂളുകള്‍, കോളേജുകള്‍, സംസ്ഥാന തല ടൂർണമെൻ്റുകള്‍ എന്നിവയും ഇവിടെ നടത്തും.

അനേക്കലിലെ നിർദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയം നിലവില്‍ വരുന്നതോടെ മൈസൂരുവിലെയും തുമക്കൂരുവിലെയും സ്റ്റേഡിയങ്ങള്‍ക്ക് ശേഷം കർണാടകയിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയായിരിക്കും ഇത്. സംസ്ഥാനത്തെ നിലവിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും പ്രധാന മത്സരങ്ങള്‍ തലസ്ഥാന നഗരിക്ക് പുറത്തേക്കും വ്യാപിപ്പിക്കാനുമുള്ള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. സുരക്ഷ, വിപുലമായ സൗകര്യങ്ങള്‍, ലോകോത്തര നിലവാരം എന്നിവയെല്ലാം പരിഗണിച്ച്‌ കർണാടകയിലെ പുതിയ കായിക സമുച്ചയം സംസ്ഥാനത്തെ ക്രിക്കറ്റിൻ്റെ ഭാവിയെ ശക്തമാക്കാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയില്‍ മികച്ച കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കർണാടകയുടെ ലക്ഷ്യമാണ് ഈ നീക്കം വ്യക്തമാക്കുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിലൂടെ പദ്ധതിയുടെ ചെലവ്, നിർമാണ ഘട്ടങ്ങള്‍, സുരക്ഷ, പാരിസ്ഥിതിക ആഘാതം, പ്രവർത്തന മാനേജ്‌മെൻ്റ് എന്നിവയെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ സൂക്ഷ്മമായി വിലയിരുത്തും. ദീർഘകാല പരിപാലന ചെലവുകളും കായിക, മറ്റ് പരിപാടികളില്‍ നിന്നുള്ള വരുമാന സാധ്യതകളും ഡിപിആർ വിലയിരുത്തും. പദ്ധതി ചെലവ് കൂടുന്നത് തടയുക, ഉയർന്ന നിലവാരമുള്ള നിർമാണ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക, അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, പൊതുജനങ്ങള്‍ക്കും സംസ്ഥാന സമ്ബദ്‌വ്യവസ്ഥയ്ക്കും പ്രയോജനകരമാക്കുക എന്നിവയാണ് സർക്കാരിൻ്റെ ലക്ഷ്യങ്ങള്‍

സ്റ്റേഡിയത്തില്‍ ഹോസ്പിറ്റാലിറ്റി ബോക്സുകള്‍, മീഡിയ സെൻ്ററുകള്‍, നൂതന സീറ്റിംഗ് ക്രമീകരണങ്ങള്‍, എല്‍ഇഡി സ്ക്രീനുകള്‍, ഫ്ലഡ് ലൈറ്റിംഗ്, ഡ്രസ്സിംഗ് റൂമുകള്‍, പരിശീലന സൗകര്യങ്ങള്‍, ഫാൻ എൻഗേജ്‌മെൻ്റ് സോണുകള്‍ എന്നിവ പോലുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും. റാമ്ബുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷിക്കാർക്കുള്ള സീറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവേശന സൗകര്യങ്ങളും സംയോജിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group