ബെംഗളൂരു: ക്രിക്കറ്റ് ആരാധകർക്ക് കുറവില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ക്രിക്കറ്റിന് ഏറെ വളക്കൂറുള്ള സംസ്ഥാനാത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.ഐടി നഗരമായ ബംഗളൂരു നഗരത്തോട് ചേർന്ന് 80,000 പേർക്ക് ഇരിക്കാവുന്ന അതിനൂതനമായ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരും. പദ്ധതിക്ക് കർണാടക മന്ത്രിസഭ തത്വത്തില്‍ അനുമതി നല്കി.പദ്ധതി അംഗീകരിച്ച് നിർമാണം പൂർത്തിയായാല്‍ ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ പ്രവർത്തനക്ഷമമാകും. ഇത് കർണാടകയുടെയും ബെംഗളൂരുവിൻ്റെയും കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നഗര വികസന പദ്ധതികള്‍, ഗതാഗത ശൃംഖലകള്‍, ടൂറിസം സംരംഭങ്ങള്‍ എന്നിവയുമായി ഇത് സംയോജിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.ഏറെ തിരക്കും, ഗതാഗത പ്രശ്നങ്ങളും തുടരുന്ന ബെംഗളൂരു നഗരത്തില്‍ നിന്ന് മാറിയാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ആലോചന. തലസ്ഥാന നഗരിയില്‍ നിന്ന് 40 കിലോമീറ്റർ അകലെ അനേക്കല്‍ എന്ന സ്ഥലത്താണ് ലോകോത്തര നിലവാരമുള്ള ഈ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുക. അനേക്കലിലെ സൂര്യനഗർ നാലാം സ്റ്റേജ് എക്സ്റ്റൻഷനിലെ ഇന്ദല്‍വാടി ഗ്രാമത്തില്‍ 75 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം പണിയുക. നിർദിഷ്ട പദ്ധതി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനും സാധ്യതാ പഠനം നടത്താനും ഹൗസിങ് വകുപ്പിന് നിർദേശം നല്‍കിയതായി പാർലമെൻ്ററി കാര്യ മന്ത്രി എച്ച്കെ പാട്ടില്‍ അറിയിച്ചു.