കർണാടകത്തിലെ ചിക്കമഗളൂരുവില്‍ വീട്ടിലെ വഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടിയ കേസില്‍ ഭർത്താവ് ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍.അലഗാട്ട സ്വദേശി വിജയും അച്ഛൻ ഗോവിന്ദപ്പയും അമ്മ തായമ്മയുമാണ് അറസ്റ്റിലായത്. 28 വയസ്സുകാരിയായ ഭാര്യ ഭാരതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് വിജയ് തന്നെയാണ് കടൂർ പോലീസില്‍ പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, ഈ തിരോധാനത്തിന് പിന്നില്‍ വിജയ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഭാരതിയുടെ മൃതദേഹം കൃഷി സ്ഥലത്തെ കുഴല്‍ക്കിണറിനകത്ത് ഏകദേശം 12 അടി താഴ്ചയില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവം മറച്ചുവെക്കാൻ കൂട്ടുനിന്നതിനാണ് വിജയ്യുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് ശേഷം താൻ പിടിക്കപ്പെടാതിരിക്കാൻ വിജയ് അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് നടത്തിയ അതിക്രമങ്ങളാണ് പോലീസിനെ ഞെട്ടിച്ചത്. ഭാര്യയുടെ ആത്മാവ് പ്രേത രൂപത്തില്‍ വന്നാല്‍ മാത്രമേ താൻ പിടിക്കപ്പെടുവെന്ന് വിജയ് വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, ഭാരതിയുടെ പേര് ചെമ്ബ് തകിടില്‍ എഴുതി, പ്രദേശത്തെ ആളുകള്‍ ദൈവസാന്നിധ്യം കല്പിച്ച് ആരാധിക്കുന്ന ഒരു മരത്തില്‍ തറച്ചു കയറ്റി.
കൂടാതെ, വീട്ടിനകത്ത് വെച്ച ഭാര്യയുടെ ഫോട്ടോയിലെ കണ്ണിന്റെ ഭാഗത്ത് ഒരു ആണിയും ഇയാള്‍ അടിച്ചുകയറ്റി. പിടിക്കപ്പെടില്ലെന്ന് ഉറപ്പിക്കാനായി മൂന്ന് മൃഗങ്ങളെ ബലി നല്‍കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സമീപത്ത് താമസിക്കുന്നവർ പോലും കൊലപാതകവിവരം അറിയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ വിജയ് ഇപ്പോള്‍ റിമാൻഡിലാണ്.