Home കായികം ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

by admin

ദോഹ: ചൊവ്വാഴ്ച രാത്രിയിൽ ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാ​കെ അയൽക്കാരായ യു.എ.ഇയെ തോൽപിച്ച് ഖത്തർ 2026 ലോകകപ്പിന് യോഗ്യനേടിയ നിമിഷം.ഗാലറി മുതൽ സൂഖ് വാഖിഫ് വരെ തിരയടിച്ച ആഘോഷങ്ങൾക്കൊപ്പം ലോകകപ്പ് യോഗ്യതാ പ്രഖ്യാപനവുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ 53 താരങ്ങളുടെ ചിത്രങ്ങളുമായി പുറത്തിറക്കിയ ദേശീയ ടീമിന്റെ പോസ്റ്റർ മലയാളത്തിനും അഭിമാനിക്കാൻ ഏറെ വകയുള്ളതായിരുന്നു. അക്രം അഫീഫും ഹസൻ അൽ ഹൈദോസും അൽ മുഈസ് അലിയും മുതൽ ലോകകപ്പ് യോഗ്യതാ യാത്രയിൽ ഖത്തറിനു വേണ്ടി ബൂട്ടണിഞ്ഞ താരങ്ങളെയെല്ലാം ഒന്നിച്ചൊരു ഫ്രെയിമിൽ ചിത്രീകരിച്ചപ്പോൾ, അതിൽ ഇന്ത്യൻ ഫുട്ബാളിന്റെ നക്ഷത്രതിളക്കമായി കണ്ണൂർ വളപട്ടണം സ്വദേശി 19കാരനായ തഹ്സിൻ മുഹമ്മദും ഇടം പിടിച്ചു.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തർ യു.എ.ഇയെ നേരിടുമ്പോൾ ​കോച്ച് ലോപെറ്റ് ഗുയെടെ സ്ക്വാഡിൽ തഹ്സിനുണ്ടായിരുന്നു. പകരക്കാരുടെ ബെഞ്ചിൽ സഹതാരങ്ങൾക്ക് പ്രോത്സാഹനവും, വിജയത്തിൽ ആഘോഷവുമായി അവൻ നിറഞ്ഞു നിന്നു. യു.എ.ഇയെ 2-1ന് തരിപ്പണമാക്കിയ മത്സരത്തിൽ തഹ്സിന് കളത്തിലിറങ്ങാൻ കഴിഞ്ഞി​ല്ലെങ്കിലും താരസമ്പന്നമായ ബെഞ്ചിലെ സാന്നിധ്യവും സന്തോഷിക്കാൻ ഏറെ വകയുള്ളതാണ്.2026 അമേരിക്ക, മെക്സികോ, കാനഡ ലോകകപ്പിലേക്ക് ഖത്തർ യോഗ്യതാ റൗണ്ട് കടന്ന് നേരിട്ട് യോഗ്യത നേടിയതോടെ ഇനി വിശ്വമേളയുടെ തിരുമുറ്റത്ത് ഒരു മലയാളി ഇറങ്ങുന്നത് ആരാധകർക്കും സ്വപ്നം കാണാം.ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇന്നും വിദൂര സ്വപ്നമായി തുടരുമ്പോഴാണ് ഖത്തറിൽ കളി പഠിച്ച് യൂത്ത് ടീമുകളിലും, സീനിയർ ക്ലബുകളിലും ശ്രദ്ധേയനായി തഹ്സിൻ ലോകകപ്പിന് യോഗ്യത നേടിയ സംഘത്തിന്റെയും ഭാഗമാവുന്നത്.ഖത്തർ കോച്ച് ലോപെറ്റ്ഗുയെയുടെ മാച്ച് പ്ലാനിൽ ഇപ്പോൾ തഹ്സിനുമുണ്ട്. ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ, അന്നാബികളുടെ അടുത്ത ലക്ഷ്യം അമേരിക്കയിൽ മികച്ച പ്രകടനമാവും. 2022ൽ സ്വന്തം മണ്ണിലെ ലോകകപ്പിൽ ഒരു ജയം പോലുമില്ലെന്നതിന്റെ നിരാശ മാറ്റാൻ, മികച്ച ടീമിനെ ഒരുക്കുമ്പോൾ വിങ്ങിൽ മിന്നൽ വേഗവുമായി കുതിക്കുന്ന തഹ്സിനും ഗെയിം പ്ലാനിൽ പ്രധാനമാണ്. വിശ്വമേളയിലേക്ക് എട്ടു മാസം ബാക്കിനിൽക്കെ കളിമികവിനെ തേച്ചു മിനുക്കിയെടുക്കാനുള്ള സമയമാണ് തഹ്സിനിത്. ഫിറ്റ്നസും ഫോമും നിലനിർത്തിയാൽ 2026 ജൂണിൽ അമേരിക്ക-കാനഡ-മെക്സികോ മണ്ണിൽ ഖത്തറിനൊപ്പം പിറക്കുന്നത് കേരള ഫുട്ബാളിന്റെയും ചരിത്രമാവും.

You may also like

error: Content is protected !!
Join Our WhatsApp Group