ബെംഗളൂരു: രജനീകാന്തിന്റെ കൊച്ചടൈയാൻ സിനിമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ലതാ രജനീകാന്ത് നൽകിയ ഹർജി ബെംഗളൂരു കോടതി തള്ളി. 2014-ൽ ഇറങ്ങിയ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തർക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമവിലക്ക് സമ്പാദിക്കുന്നതിനായി ലതാ രജനീകാന്ത് വ്യാജരേഖ ഉപയോഗിച്ചെന്നാണ് കേസ്.
ചെന്നൈയിലെ ആഡ് ബ്യൂറോ അഡ്വർട്ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് രജനീകാന്തിന്റെ ഭാര്യയായ ലതയ്ക്കെതിരേ ക്രിമിനൽ കേസെടുത്തത്.കേസിലെ ആരോപണങ്ങളിൽനിന്ന് ഒഴിവാക്കാൻ ന്യായമായ ഒരുകാരണവും ലതയുടെ ഹർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നടപടി.രജനീകാന്തിന്റെ മകൾ സൗന്ദര്യയാണ് കൊച്ചടൈയാന്റെ സംവിധായിക. ആഡ് ബ്യൂറോയായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസർ. ഇവർ നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലതയായിരുന്നു ജാമ്യം.തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ചാണ് ആഡ് ബ്യൂറോ ലതയുടെ പേരിൽ കേസ് നൽകിയത്. പണംവാങ്ങി വഞ്ചിച്ചെന്നായിരുന്നു കേസ്.
ഈ കേസുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമവിലക്ക് സമ്പാദിക്കാൻ ലത വ്യാജക്കത്ത് കോടതിയിൽ ഹാജരാക്കിയെന്നാണ് പരാതി