ശരിക്കും തന്നോട് ആർക്കൊക്കെ സ്നേഹമുണ്ടെന്നറിയാൻ മരണ നാടകമൊരുക്കി 74 കാരൻ. ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ കൊഞ്ചി ഗ്രാമത്തിലാണ് തന്നോടുള്ള സ്നേഹം അറിയാൻ മരിച്ചതായി അഭിനയിച്ചുനോക്കിയത്.74 വയസ്സുള്ള മുൻ വ്യോമസേനാ സൈനികനായ മോഹൻ ലാലാണ് ജീവിച്ചിരിക്കുമ്ബോള്‍ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ സംഘടിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചത്.മരണശേഷമുള്ള എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് അലങ്കരിച്ച ഒരു ശവപ്പെട്ടിയില്‍ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പോലും അദ്ദേഹം ആവശ്യപ്പെട്ടുവത്രെ.
പശ്ചാത്തലത്തില്‍ അതിവൈകാരിക പാട്ടുകള്‍ വരെ വച്ചിട്ടുണ്ടായിരുന്നു. എന്തായാലും, മോഹൻ ലാലിന് ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല. നൂറുകണക്കിന് ആളുകളാണ് മരണ വാർത്ത അറിഞ്ഞ് അവിടെ എത്തിച്ചേർന്നത്. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ സമയത്ത് അയാള്‍ ശവപ്പെട്ടിയില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു.എന്തായാലും, ഇത്രയൊക്കെ ആയതല്ലേ? പ്രതീകാത്മകമായി ഒരു കോലവും കത്തിച്ചു. പിന്നാലെ അവിടെ എത്തിയവർക്കെല്ലാം നല്ലൊരു വിരുന്നും നല്കിയത്രെ.
തന്റെ ശവസംസ്കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അതിനാലാണ് ഇത് ചെയ്തത് എന്ന് മോഹൻ ലാല്‍ പറഞ്ഞു. ‘മരണശേഷം ആളുകള്‍ ശവമഞ്ചം ചുമക്കും, പക്ഷേ അത് നേരിട്ട് കാണാനും ആളുകള്‍ എന്നെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അറിയാനും ഞാൻ ആഗ്രഹിച്ചു’ എന്നും അദ്ദേഹം പറഞ്ഞു.സാമൂഹികകാര്യങ്ങളിലും ഇടപെടുന്ന ആളാണ് മോഹൻ ലാല്‍. അടുത്തിടെ അദ്ദേഹം സ്വന്തം ചെലവില്‍ നാട്ടില്‍ ഒരു ശ്മശാനം പണിതിരുന്നു. ശവസംസ്കാരത്തിന് സൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നത് കണ്ടതിന് പിന്നാലെയായിരുന്നു അത്.