ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിശ്രമിക്കുന്ന ഒരു നായയുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഡോഗേഷ് ഭായിക്ക് ഫ്ലൈറ്റ് നഷ്ടമായി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആളുകൾ സമീപത്ത് നിന്ന് സംസാരിക്കുമ്പോൾ പോലും അതൊന്നും ശ്രദ്ധിക്കാതെ യാത്രക്കാര്‍ക്ക് ഇരിക്കാനായി വച്ചിരിക്കുന്ന സീറ്റുകളിൽ ഒന്നില്‍ സുഖമായി ഉറങ്ങുന്ന പട്ടിയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. മൃഗങ്ങളെ സുരക്ഷിതമായി പരിസരത്ത് താമസിക്കാൻ അനുവദിച്ചതിന് വിമാനത്താവള ജീവനക്കാരെ അവർ അഭിനന്ദിച്ചു.
ബെംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നായ ശല്യം ഏറിയപ്പോഴാണ് ബിഎല്‍ആര്‍ പാവ് സ്ക്വാഡ് എന്ന പദ്ധതിയുമായി വിമാനത്താവളം അധികൃതർ രംഗത്തെത്തിയത്. വിമാനങ്ങൾക്കിടയിലുള്ള കാത്തിരിപ്പ് കൂടുതൽ ആസ്വാദ്യകരമാക്കാനുള്ള ഒരു പദ്ധതി കൂടിയായിരുന്നു അത്. ഭക്ഷണം കഴിച്ചും ഉറങ്ങിയും യാത്രക്കാരെ രസിപ്പിച്ചും സമയം ചെലവഴിച്ച് വിമാനത്താവളത്തിലുള്ളത് തെരുവ് നായ്ക്കളാണ്. അത്തരമൊരു നായയെയാണ് വീഡിയോയിലുള്ളത്. ബെംഗളൂരു വിമാനത്താവളവും ഒരു എൻജിഒയും ചേർന്നാണ് തെരുവ് നായ്ക്കളെ പരിപാലിക്കുന്ന സംരംഭം ആരംഭിച്ചത്. ഇത് യാത്രക്കാർക്ക് സ്വാഗതാർഹവും ആസ്വാദ്യകരവുമായ അനുഭവം നൽകുന്നു. ഈ നായ്ക്കൾ വിമാനത്താവളത്തിലാണ് താമസിക്കുന്നത്. അവയുടെ സാന്നിധ്യം യാത്രക്കാരുടെ സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
വീഡിയോ ഇതിനകം ഏതാണ്ട് അമ്പതിനായിരത്തോളം പേർ ലൈക്ക് ചെയ്തു. നിരവധി പേര് രസകരമായ കുറിപ്പുകളുമായെത്തി. അയാളെ ആട്ടിയോടിക്കാത്ത വിമാനത്താവള ജീവനക്കാർക്ക് സല്യൂട്ടെന്നായിരുന്നു ഒരു കുറിപ്പ്. മിസ്റ്റർ രത്തൻ ടാറ്റ ഇത് കണ്ടിട്ട് സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ടാകുമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അവൻ എപ്പോഴും അവിടെയുണ്ട്, ഞാൻ 4 തവണ അവിടെ പോയിട്ടുണ്ട്, 2 വർഷമായി ഞാൻ അവനെ എപ്പോഴും കാണുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന് എഴുതി. വീഡിയോയിലുള്ള നായ വിമാനത്താവളത്തിലെ സ്ഥിരം അന്തേവാസികളിലൊരാണെന്നായിരുന്നു പലരും കുറിച്ചത്.