ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം. ഓട്ടോ ഡ്രൈവറാണ് യുവതിയുമായി പ്രശ്നമുണ്ടാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്.ബെംഗളൂരുവിലെ കോറമംഗലയിലാണ് സംഭവം. ഓട്ടോ ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് പോകാൻ കൂട്ടാക്കാതെ യൂബർ ഓട്ടോ ഡ്രൈവർ യുവതിയെ പാതിവഴിയില്‍ ഇറക്കിവിടാൻ ശ്രമിക്കുന്നതും തുടർന്ന് ഉണ്ടായ സംഭവങ്ങളുമാണ് വൈറല്‍.തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലോക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ വഴങ്ങാതെ വന്നതോടെ പ്രശ്നം രൂക്ഷമായി.
കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് യുവതിയോട് ഓട്ടോ ഡ്രൈര്‍ തട്ടിക്കയറുകയായിരുന്നു. മുഖത്തടിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ആരോട് പരാതി പറഞ്ഞാലും പ്രശ്നമില്ലെന്നാണ് ഓട്ടോ ഡ്രൈവർ മറുപടി നല്‍കിയത്.പ്രതിഷേധിച്ചപ്പോള്‍ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമിച്ചു. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് യുവതിക്കുനേരെ അതിക്രമം കാണിച്ചത്. അതിക്രമത്തിന്റെ വീഡിയോ യുവതി തന്നെയാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. തനിക്കുണ്ടായ അനുഭവവും യുവതി എക്സില്‍ വിവരിച്ചു.
സംഭവത്തില്‍ യൂബറിന് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.ബെംഗളൂരുവില്‍ എപ്പോഴും നടക്കുന്ന സംഭമാണിതെന്നും യൂബര്‍ ഓട്ടോ ബുക്ക് ചെയ്യുപ്പോള്‍ പലപ്പോഴും ഈ പ്രശ്നം നേരിടാറുണ്ടെന്നും യുവതി പറഞ്ഞു. പാതി വഴിയില്‍ ഇറക്കിവിട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയും അടിക്കാൻ മുതിര്‍ന്നുവെന്നും യുവതി പറഞ്ഞു. കാറടക്കം പോകുന്ന വഴിയിലൂടെ ഓട്ടോ പോകില്ലെന്ന് പറഞ്ഞായിരുന്നു കയ്യേറ്റ ശ്രമമെന്നും യുവതി പറഞ്ഞു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഒരാഴ്ച മുൻപ് മറ്റൊരു കാബ് ചാർജിനെച്ചൊല്ലിയുള്ള തർക്കം ഓണ്‍ലൈനില്‍ വൈറലയിരുന്നു. ഒരു സ്ത്രീ ഉബർ ഡ്രൈവർക്ക് 300 രൂപ നല്കാൻ വിസമ്മതിക്കുകയും, യാത്ര വൈകിയതിന് അയാളെ കുറ്റപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡ്രൈവറുടെ ഭാഗത്ത് തെറ്റ് ഇല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സേവനത്തിന് പണം നല്കാൻ വിസമ്മതിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ പെരുമാറിയതിന് വിമർശനം ഉണ്ടായി.